ബി.പി. മൊയ്തീൻ അനുസ്മരണവും ധീര വനിതയെ ആദരിക്കലും
1436760
Wednesday, July 17, 2024 7:40 AM IST
കോഴിക്കോട്: തോണി മറിഞ്ഞ് അപകടത്തിൽപ്പെട്ട സഹയാത്രികരെ രക്ഷിക്കുന്നതിനിടയിൽ മരണപ്പെട്ട ബി.പി. മൊയ്തീനെ അനുസ്മരിക്കുന്നതിനായി മൊയ്തീന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ബി.പി. മൊയ്തിൻ സേവാമന്ദിരത്തിൽ ഒത്തുകൂടി. അനുസ്മരണ സമ്മേളനം മുക്കം നഗരസഭാധ്യക്ഷൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.
അഡ്വ. ആനന്ദ കനകം അധ്യക്ഷത വഹിച്ചു. നാസർ കൊളായി മൊയ്തീന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെക്കുറിച്ച് അനുസ്മരിച്ചു. പത്രപ്രവർത്തകൻ, കലാ സംഘാടകൻ, ഫുട്ബോളർ, സിനിമാ നിർമാതാവ്, രാഷട്രീയ പ്രവർത്തകൻ എന്നിങ്ങനെ മൊയ്തീന്റെ സ്പർശനമേൽക്കാത്ത മേഖലയില്ലെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.
ബി. അലി ഹസൻ, സി.ഡി. വർക്കി, എ.എം. ജമീല, എം. അശോകൻ, കെ. രവീന്ദ്രൻ, ദാമോദരൻ കോഴഞ്ചേരി, സോമനാഥൻ കുട്ടത്ത്, മുക്കം വിജയൻ, ഒ.സി. മുഹമ്മദ്, എസ്. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ കുളത്തിൽ വീണ രണ്ട് പേരെ അതിസാഹസികമായി രക്ഷപ്പെടുത്തിയ വീട്ടമ്മയും ഒറുവിങ്ങൽ അബ്ദുറഹിമാന്റെ ഭാര്യയുമായ നഫീസ കാരശേരിയെ മൊയ്തീന്റെ സുഹൃത്തായ മുക്കം ഭാസി ആദരിച്ചു.