കൂരാച്ചുണ്ട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പ്രധാന റോഡുകളിലെ വെള്ളക്കെട്ടുകൾ യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. കൂരാച്ചുണ്ട് -പേരാമ്പ്ര റോഡിലെ പുളിവയൽ മേഖലയിലാണ് അപകടകരമായ രീതിയിൽ വെള്ളക്കെട്ട് രൂപം കൊണ്ടത്. റോഡിന് ഓവുചാൽ നിർമിക്കാത്തതാണ് കാരണം. മഴ പെയ്താൽ കൃഷിയിടങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന മണ്ണും വെള്ളവും കലർന്ന ചെളി റോഡിൽ അടിയുകയാണ്.
ഇത്തരത്തിൽ നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ യാത്രക്കാർക്ക് ദുരിതമായി തീർന്നിട്ടുണ്ട്. ഇരുചക്ര വാഹന യാത്രക്കാർക്കാണ് ഇത് ഏറെ അപകട ഭീക്ഷണിയായി തീർന്നത്. വിദ്യാർഥികൾ അടക്കമുള്ള കാൽനട യാത്രക്കാരും ഇതുവഴി കടന്നുപോകാൻ ദുരിതമനുഭവിക്കുന്നുണ്ട്. യാത്രക്കാർക്ക് അപകട ഭീക്ഷണിയുയർത്തുന്ന റോഡിലെ വെള്ളക്കെട്ട് നീക്കം ചെയ്യാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.