ചക്കിട്ടപാറ ഇടവകയിൽ നൈപുണ്യ വികസന ശിൽപശാല നടത്തി
1430388
Thursday, June 20, 2024 5:22 AM IST
ചക്കിട്ടപാറ: നല്ല ആഗ്രഹവും സമർപ്പണവും നിശ്ചയ ദാർഢ്യവുമുള്ളവർക്കാണു ജീവിത വിജയത്തിലേക്ക് എത്തിപ്പെടാൻ സാധിക്കുകയുള്ളുയെന്നു കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ. ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയ അങ്കണത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച നൈപുണ്യ വികസന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. പ്രിയേഷ് തേവടിയിൽ അധ്യക്ഷത വഹിച്ചു.
എയ്ഡർ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. സബിൻ തൂമുളളിൽ, പ്രധാനാധ്യാപകൻ ഷിബു ഏടാട്ട്, പ്രോഗ്രാം കൗൺസിലർമാരായ സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ സജിനി, ഷാജി മടിക്കിയാങ്കൽ എന്നിവർ പ്രസംഗിച്ചു. സുബിൻ കൂനംതടം, ബോണി ജേക്കബ് ആനത്താനം, ആൽബിൻ ചന്ദ്രൻകുന്നേൽ, അലൻ ചന്ദ്രൻകുന്നേൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
താമരശേരി രൂപതയൂടെ സ്ഥാപനമായ എയ്ഡർ ഫൗണ്ടേഷൻ, എഡ്യുകെയർ എന്നിവയുമായി സഹകരിച്ചാണ് യുവജനങ്ങൾക്കും കുട്ടികൾക്കും സ്കിൽ ട്രെയിനിംഗ്, കരിയർ ഗൈഡൻസ്, സിവിൽ സർവീസ്, പിഎസ്സി പരീക്ഷ മാർഗ നിർദേശങ്ങൾ, മറ്റു മത്സര പരീക്ഷ പരിശീലനം, സ്റ്റാർട്ടപ്പ് ഐഡിയ വിശകലനം, പേഴ്സണലൈസ്ഡ് കരിയർ കൗൺസിലിംഗ് എന്നിവ നടത്താൻ ലക്ഷ്യമിടുന്നത്.