ജല അതോറിറ്റിയുടെ വാട്ടർ ടാങ്ക് അപകടാവസ്ഥയില്‍
1429930
Monday, June 17, 2024 5:16 AM IST
കോഴിക്കോട്: പൂളാടിക്കുന്ന് ജല അതോറിറ്റിയുടെ വാട്ടർ ടാങ്ക് അറ്റ കുറ്റപ്രവൃത്തികള് നടത്താത്തതിനാല്‍ എതുനിമിഷവും തകരാവുന്ന അവസ്ഥയില്‍. 20ലേറെ പില്ലറുകളിൽ നില്ക്കുന്ന അഞ്ച് ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കാണ് പൊട്ടിപ്പൊളിഞ്ഞത്. എൽ.പി സ്കൂളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും ആരാധനാലയങ്ങളുമുണ്ട്. ദേശീയപാത ബൈപാസടക്കം അപകടത്തിലാവും.
40ലേറെ കൊല്ലം പഴക്കമുള്ള ടാങ്കിലും പില്ലറിലുമെല്ലാം വിള്ളലുണ്ട്. തൊട്ടടുത്തുള്ള എൽ.പി സ്കൂൾ ഭാഗത്തേക്കാണ് വിള്ളൽ അധികമുള്ളത്. 12 കൊല്ലം മുമ്പ് പൊട്ടിപ്പൊളിഞ്ഞപ്പോൾ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അധിക താങ്ങായി പുതിയ പില്ലറുകൾ സ്ഥാപിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.
നാട്ടുകാർ ഒപ്പു ശേഖരിച്ച് അധികൃതരെ കാണാനുള്ള ശ്രമത്തിലാണിപ്പോൾ. ജല അതോറിറ്റി അധികൃതരെ വിളിച്ച് പ്രശ്നം ചർച്ച ചെയ്യുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് അറിയിച്ചിരുന്നു. കുടിവെള്ള പ്രശ്നം പരിഹരിക്കാനായി 1980-ലാണ് ടാങ്ക് നിർമിക്കാൻ അന്നത്തെ എലത്തൂർ പഞ്ചായത്ത് തീരുമാനിച്ചത്. മറ്റൊരു ടാങ്ക് എലത്തൂർ ചെട്ടികുളം വെറ്ററിനറി ആശുപത്രിക്കടുത്ത് ചരക്കുഴിയിലും പണിതു. ഈ രണ്ട് ടാങ്കിൽനിന്നാണ് എലത്തൂർ മേഖലയിൽ കുടിവെള്ള വിതരണം.