വിത്തുതേങ്ങ സംഭരിച്ചതിന്റെ തുക ലഭിക്കാതെ മലയോര മേഖലയിലെ കർഷകർ ദുരിതത്തിൽ
1429644
Sunday, June 16, 2024 5:49 AM IST
കൂരാച്ചുണ്ട്: കൃഷിഭവൻ മുഖേന കർഷകരിൽ നിന്നും സർക്കാർ സംഭരിച്ച വിത്തുതേങ്ങയുടെ തുക ലഭിക്കാതെ കർഷകർ ദുരിതത്തിൽ.
കാവിലുംപാറ വിത്ത് തേങ്ങ സംഭരണ കേന്ദ്രത്തിന്റെ കീഴിലായി കർഷകരിൽ നിന്നും സംഭരിച്ച വിത്തുതേങ്ങയുടെ തുക ലഭിക്കാതെ മലയോര മേഖലയിലെ ഒട്ടനവധി കർഷകരാണ് ഏറെ ദുരിതത്തിലായത്.
കാവിലുംപാറ, മരുതോങ്കര, കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ കർഷകരും ഉള്ളിയേരി വിത്ത് തേങ്ങ സംഭരണ കേന്ദ്രത്തിന്റെ കീഴിലുള്ള ആറ് പഞ്ചായത്തുകളിലെ കർഷകർക്കുമാണ് നിലവിൽ തുക ലഭിക്കാനുള്ളത്. ജനുവരി മാസം മുതൽ മേയ് വരെ സംഭരിച്ച 1500 ഓളം കർഷകർക്കായി എട്ട് കോടി രൂപയോളം ലഭിക്കാനുണ്ട്.
തേങ്ങ സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനാൽ സംഭരണത്തിന്റെ രണ്ടാംഘട്ടത്തിൽ പല കർഷകരും നാളികേരം നൽകാൻ തയാറായില്ല. മലയോര കർഷകരുടെ പ്രധാന വരുമാനമാർഗമാണ് നാളികേരം.
ഈ ഘട്ടത്തിൽ കർഷകർ ഏറെ പ്രതിസന്ധിയിലാണുള്ളത്. സംഭരിച്ച തേങ്ങയുടെ പണം ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.