മാട്ടുമുറി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിൽ പ്രതിസന്ധി രൂക്ഷം
1429642
Sunday, June 16, 2024 5:49 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് മാട്ടുമുറി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമായി.
നിലവിൽ സ്ഥാനാർഥിയാരാണെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുമ്പോൾ തന്നെ മുൻ മെമ്പർ ഷിഹാബ് മാട്ടു മുറിയെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ നീക്കവും വലിയ പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്. ഷിഹാബ് മാട്ടു മുറി സ്വതന്ത്രനായി മത്സരിക്കുവാൻ സാധ്യത ഉള്ളതായി വാർത്ത പുറത്തു വന്ന സാഹചര്യത്തിലാണ് അനുനയ ശ്രമങ്ങൾ നടക്കുന്നത്.
ഇതിന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ഡിസിസി സെക്രട്ടറിയുമുൾപ്പെടെയുള്ളവരാണ് മുന്നിൽ നിൽക്കുന്നത്. ഇതാണ് ഭൂരിഭാഗം പ്രവർത്തകരെയും ചൊടിപ്പിക്കുന്നത്. ഷിഹാബ് സ്വതന്ത്രനായി മത്സരിച്ചാൽ 30 വോട്ടുകൾ പോലും നേടാനാവില്ലന്നും പിന്നെ എന്തിനാണ് പേടിക്കുന്നതെന്നുമാണ് ഇവർ ചോദിക്കുന്നത്.
അതിനിടെ കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് നേതൃയോഗത്തിലേക്ക് യുഡിഎഫുമായി നിലവിൽ യാതൊരു ബന്ധവുമില്ലാത്ത ഷിഹാബിനെ വിളിച്ചു വരുത്തിയതിൽ പ്രതിഷേധിച്ച് യോഗത്തിൽ പങ്കെടുത്ത നാല് അംഗങ്ങൾ ഇറങ്ങിപ്പോയി. ആകെ യോഗത്തിൽ പങ്കെടുത്ത അഞ്ച് അംഗങ്ങളിൽ നാല് അംഗങ്ങളും ധീരമായ നിലപാട് സ്വീകരിച്ച് ഇറങ്ങിപ്പോയപ്പോൾ യൂത്ത് ലീഗ് നേതാവായ പഞ്ചായത്തംഗം യോഗത്തിൽ ഇരിക്കുകയും ചെയ്തു.
പഞ്ചായത്ത് ഭരണസമിതിക്കെതിരേ മൊത്തത്തിൽ അഴിമതിയാരോപണമുന്നയിച്ച് രാജി വച്ച ഷിഹാബ് മാട്ടു മുറിയെ ഇരുത്തി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് ഇറങ്ങിപ്പോയ അംഗങ്ങൾ പറഞ്ഞു.
യുഡിഎഫിലെ സംസ്ഥാന-ജില്ല നേതാക്കൻമാർ ഇരിക്കുന്ന യോഗത്തിലാണ് ഇവർ ഇറങ്ങി പോയത്. മാത്രമല്ല കഴിഞ്ഞ മാസം നടന്ന യോഗത്തിൽ മൂന്നാം വാർഡിലെ യുഡിഎഫ് പ്രവർത്തകരുടെ യോഗം വിളിച്ചു ചേർക്കാനും തീരുമാനമായിരുന്നങ്കിലും അത് നടപ്പാക്കാതെയാണ് തിരക്കിട്ട് യുഡിഎഫുമായി യാതൊരു ബന്ധവുമില്ലാത്ത മുൻ അംഗത്തെ യോഗത്തിലേക്ക് ക്ഷണിച്ചത്.
ഇതിനെതിരേ പ്രവർത്തകർക്കിടയിലും വലിയ പ്രതിഷേധമുണ്ട്.ഭരണ സമിതിയുടെ ആരംഭകാലം മുതൽ വലിയ പ്രതിസന്ധിയുണ്ടാക്കിയതും രാജിവച്ച മെമ്പറാണന്നും ഇവർ പറയുന്നു.
അതിനിടെ ഷിഹാബ് മാട്ടു മുറിയുടെ സമ്മർദ്ദത്തിന് വഴങ്ങി വാർഡിൽ പുതിയ ഫണ്ടനുവദിക്കാനുള്ള നീക്കത്തിനെതിരേയും പ്രതിഷേധം ശക്തമാണ്.
അതിനിടെ ഷിഹാബുമായുള്ള യുഡിഎഫ് നേതൃത്വത്തിന്റെ ചർച്ചക്കെതിരേ വിദേശത്തുള്ള മറ്റൊരു അംഗവും രംഗത്തെത്തി. നേതൃത്വത്തിന്റെത് ഇത്തരം നിലപാടുകളാണങ്കിൽ പരസ്യമായി എതിർ മുന്നണിക്കായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.