ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ കർഷക പങ്കാളിത്തം പ്രശംസനീയം: അഡ്വ. കെ. പ്രവീൺ കുമാർ
1429640
Sunday, June 16, 2024 5:49 AM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വൻ വിജയത്തിൽ കർഷകരുടെ സ്വാധീനം എടുത്തു പറയേണ്ടതാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ പറഞ്ഞു.
ഈ വിജയത്തിൽ മതിമറന്ന് ആഹ്ലാദിക്കാതെ ഇതേ കെട്ടുറപ്പോടെ മുന്നോട്ടു പോയാൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഈ രീതിയിലുള്ള വലിയ വിജയം ആവർത്തിക്കുവാൻ കഴിയുമെന്നും കർഷകരോടുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അവഗണനക്കെതിരേയുള്ള ശക്തമായ പ്രതിഷേധം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി ഡിസിസി ഓഫീസിൽ നടത്തിയ നേതൃത്വ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് ദേശീയ കോഡിനേറ്ററായി നിയമിതനായ മാഞ്ജുഷ് മാത്യുവിനെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ഹബീബ് തമ്പി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഐപ്പ് വടക്കേത്തടം,
ബോസ് ജേക്കബ്, സെക്രട്ടറിമാരായ ജോസ് കാരുവേലി, എൻ.പി. വിജയൻ, ആർ.പി. രവീന്ദ്രൻ, ജില്ലാ ഭാരവാഹികളായ സി.എം. സദാശിവൻ, ദേവസ്യ ചൊള്ളാമഠം തുടങ്ങിയവർ പ്രസംഗിച്ചു.