മത്സ്യ മാംസങ്ങൾ ഒഴിവാക്കിയാലും രക്ഷയില്ല; സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു
1425349
Monday, May 27, 2024 7:19 AM IST
മുക്കം: സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ച് സംസ്ഥാനത്ത് നിത്യോപയോഗസാധനങ്ങളുടെ വില കുതിക്കുന്നു. രണ്ട് മാസത്തിനിടെ കോഴിയിറച്ചി, മത്സ്യം, ബീഫ് എന്നിവയ്ക്ക് വലിയ തോതിലാണ് വില വർധിച്ചത്. ഈ വില വർധനയ്ക്കിടെ സാധാരണക്കാർക്ക് ആശ്വാസമായിരുന്ന പച്ചക്കറി വിലയും രണ്ടാഴ്ചയായി കുതിക്കുകയാണ്. പല പച്ചക്കറികൾക്കും ഇരട്ടിയിലധികം വില വർധിച്ചിട്ടുണ്ട്. 60രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ് ഏറ്റവും ഉയർന്നത്. കിലോയക്ക് 110 രൂപവരെയായിട്ടുണ്ട്.
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയ്ക്കും പൊള്ളുന്ന വിലയാണ്. 250 രൂപയാണ് വെളുത്തുള്ളിക്ക്. ഇഞ്ചി വിലയും 200 കടന്നു. തക്കാളി വില 25 ൽ നിന്ന് 50 രൂപയിലെത്തി. 35 രൂപയുണ്ടായിരുന്ന മുരിങ്ങയുടെ വില 54 ആയി.
കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പച്ചക്കറി വില ഉയരാനുള്ള പ്രധാന കാരണം. വേനൽ കടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലും കർണാടകയിലും കൃഷി കുറഞ്ഞു. വിളവിനെയും വേനൽ ബാധിച്ചിരുന്നു. കടുത്ത വേനലിന് പിന്നാലെ മഴക്കാലം കൂടി ശക്തമായതോടെ പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. കോഴിയിറച്ചി വിലയിലും വലിയ വർധനയാണ് ഉണ്ടായത്.
ഒരു മാസം മുമ്പ് 180 രൂപയായിരുന്നത് 280 ൽ എത്തി. 330 രൂപയായിരുന്ന ബീഫ് വിലയും വർധിച്ചു. മത്സ്യ വിലയും വലിയ തോതിലാണ് വർധിച്ചത്. അയലക്ക് 260 ൽ എത്തിയപ്പോൾ കേതൽ വില 380 കടന്നിട്ടുണ്ട്. മറ്റ് മത്സ്യങ്ങൾക്കും വലിയ തോതിൽ വില വർധിച്ചു.
സ്കൂൾ തുറക്കാറായ സമയത്ത് കുട, ബാഗ്, ചെരിപ്പ്, പുസ്തകം തുടങ്ങിയവയ്ക്കായി വലിയ തോതിൽ പണം മുടക്കി സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സാധാരണക്കാർക്ക് വിപണിയിലെ വില വർധന താങ്ങാനാവാത്ത അവസ്ഥയാണ്. മഴ ശക്തമായതോടെ കൂലിപ്പണിക്കാർക്ക് പണിക്ക് പോകാൻ പറ്റാത്ത അവസ്ഥയും നിലനിൽക്കുന്നു.