ചെമ്പ്ര ടൗൺ റോഡിലെ വളവിൽ രൂപപ്പെട്ട മൺതിട്ട യാത്രക്കാർക്ക് ഭീഷണിയാകുന്നു
1425343
Monday, May 27, 2024 7:19 AM IST
കൂരാച്ചുണ്ട്: പിഡബ്ല്യുഡിയുടെ അതീനതയിലുള്ള പേരാമ്പ്ര റോഡിൽ ചെമ്പ്ര അങ്ങാടിയിലുള്ള റോഡിലെ വളവിൽ രൂപപ്പെട്ട മൺതിട്ട യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നതായി പരാതി. മഴ പെയ്തതോടെ റോഡിന്റെ ഈ മേഖലയിൽ ഓവുചാല്‍ ഇല്ലാത്തതുമൂലം വെള്ളത്തിന്റെ ഒഴുക്കിൽ റോഡിൽ അടിയുന്ന മണ്ണ് നിറഞ്ഞുണ്ടായ മൺതിട്ടയാണ് യാത്രക്കാർക്ക് അപകട ഭീഷണിയായി തീർന്നത്.
വളവും കയറ്റവുമുള്ള റോഡായതിനാൽ ഇരുചക്ര വാഹന യാത്രക്കാർക്കാണ് അപകട സാധ്യത കൂടുതലുള്ളത്. അടുത്ത കാലത്ത് റോഡിന്റെ നവീകരണ പ്രവൃത്തി നടത്തിയെങ്കിലും മേഖലയിൽ ഓവുചാൽ നിർമിച്ചിട്ടില്ല. കൂരാച്ചുണ്ടിൽ നിന്നും പേരാമ്പ്രയിലേക്ക് പോകുന്ന ഒട്ടനവധി ബസുകളടക്കം നിരവധി വാഹനങ്ങൾ ഓടുന്ന റോഡിലെ മൺതിട്ട അടിയന്തിരമായി നീക്കം ചെയ്യണമെന്നും ബന്ധപ്പെട്ട അധികൃതർ യാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യമുയർത്തുന്നത്.