ജൽ ജീവൻ മിഷൻ പദ്ധതി: വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ പൊതുമരാമത്ത് മന്ത്രിക്ക് അപേക്ഷ നൽകി
1424810
Saturday, May 25, 2024 5:38 AM IST
കൊടിയത്തൂർ: മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനായി ആരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ നടപടിയാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്ക് വീണ്ടും അപേക്ഷ നൽകി കൊടിയത്തൂർ പഞ്ചായത്ത്.
റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായെങ്കിലും പൂർവസ്ഥിതിയിലാക്കാൻ പൊതുമരാമത്ത് വകുപ്പും കരാർ കമ്പനിയും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി വീണ്ടും മന്ത്രിയെ സമീപിച്ചത്.
നേരത്തെ ജനുവരി 20ന് വകുപ്പ് മന്ത്രിക്കും കോഴിക്കോട് വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർക്കും അപേക്ഷ നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. നിരവധി റോഡുകൾ പൊട്ടിപ്പൊളിഞ്ഞത് മൂലം അപകടങ്ങൾ പതിവാവുകയും നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഈ പ്രതിഷേധം മറയാക്കി ബാക്കിയുള്ള 40 കിലോമീറ്റർ ദൂരം പൈപ്പിടൽ നിർത്തിവച്ചിരിക്കുകയാണ്. നിർത്തിവച്ച ഭാഗത്ത് പൈപ്പിടുന്നതിന് സഹായമഭ്യർഥിച്ച് വാട്ടർ അഥോറിറ്റി ഇപ്പോൾ പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ട്.
എന്നാൽ നേരത്തെ നടന്ന പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചിട്ട റോഡുകൾ പൂർവസ്ഥിതിയിലാക്കിയിട്ട് മതി ബാക്കി പ്രവൃത്തിയെന്നാണ് ഭരണസമിതി തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പറഞ്ഞു. ശക്തമായ മഴയിൽ റോഡിൽ ബോളറുകൾ ഉൾപ്പെടെ ഒലിച്ചിറങ്ങി പരിതാപകരമായ അവസ്ഥയാണ്.
ഈ സാഹചര്യത്തിൽ വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ പൂർവസ്ഥിതിയിലാക്കണമെന്നും ഭരണസമിതി മന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്തിൽ 17 പ്രധാന റോഡുകളാണ് ഇനിയും പൂർവ സ്ഥിതിയിലാക്കാതെ കിടക്കുന്നത്.