മഴയിൽ പേരാമ്പ്ര ടൗണിൽ വൻ വെള്ളക്കെട്ട്
1424597
Friday, May 24, 2024 5:10 AM IST
പേരാമ്പ്ര: കനത്ത മഴയിൽ പേരാമ്പ്ര പട്ടണം വെള്ളത്തിലായി. കഴിഞ്ഞ ദിവസം തകർത്ത് പെയ്ത മഴയിലാണ് പേരാമ്പ്ര ബസ് സ്റ്റാൻഡ് മുതൽ ചെമ്പ്ര റോഡ് വരെ പൂർണമായി വെള്ളത്തിലായത്.
മണിക്കൂറുകളോളം വാഹനങ്ങൾ കടന്നുപോകാൻ പ്രയാസപ്പെട്ടു. പല വാഹനങ്ങളും വഴി തിരിഞ്ഞാണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ഇരു ചക്ര വാഹനങ്ങൾ പലതും അപകടത്തിൽ പെടുകയും ചെയ്തു. വൈകുന്നേരം നാലോടെ തുടങ്ങിയ മഴ ശക്തമായതോടെ പെട്ടെന്നാണ് ടൗണിൽ വെള്ളം കയറിയത്.
മരക്കാടി തോട് കര കവിഞ്ഞ് വെള്ളം ടൗണിലേക്ക് എത്തിയതാണ് കൂടുതൽ പ്രശ്നമായത്. പേരാമ്പ്ര ടൗണിൽ എളമാരൻ കുളങ്ങര അമ്പലത്തിന് മുകളിലുള്ള കുന്നിൽ നിന്നും ഒഴുകി വരുന്ന വെള്ളവും പഞ്ചായത്ത് റോഡിലൂടെ കൂനേരി കുന്നിൽ നിന്നും ഒലിച്ചു വരുന്ന വെള്ളവും ടൗണിൽ എത്തുന്നതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണം.
സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പേരാമ്പ്ര ടൗൺ മോടി പിടിപ്പിച്ച സമയത്ത് ഉണ്ടായ അപാകതയാണ് ടൗണിൽ വെള്ളം പൊങ്ങാൻ കാരണമെന്നാണു നാട്ടുകാരും വ്യാപാരികളും പറയുന്നത്. ബസ് സ്റ്റാൻഡിനു സമീപമുള്ള മിക്ക കടകളിലും വെള്ളം കയറി നാശം സംഭവിച്ചിട്ടുണ്ട്.