കൃഷിഭൂമികൾ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടും
1424404
Thursday, May 23, 2024 5:35 AM IST
കോടഞ്ചേരി: പഞ്ചായത്തിലെ നെല്ലിപ്പൊയിൽ കോടഞ്ചേരി വില്ലേജുകളിലായി സംസ്ഥാന സർക്കാർ നിർദേശിച്ച ഇഎസ്എ പരിധിയിൽ ഉൾപ്പെട്ട കൃഷി ഭൂമികളിൽ കോടഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത ഫീൽഡ് തല പരിശോധനയിൽ കണ്ടെത്തിയ സ്വകാര്യ കൃഷിഭൂമികൾ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കുന്നതിന് സംസ്ഥാന കാലാവസ്ഥ വ്യതിയാന വകുപ്പിനോട് ആവശ്യപ്പെടാൻ ഇന്നലെ ചേർന്ന പ്രത്യേക ഭരണസമിതി യോഗം തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ കഴിഞ്ഞ നാല് ദിവസമായി നടന്ന ഫീൽഡ്തല സംയുക്ത പരിശോധന റിപ്പോർട്ട് അവതരിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകൾക്ക് ജനപ്രതിനിധികൾ റവന്യു, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവർ നേതൃത്വം നൽകി. ജനങ്ങളുടെ ആശങ്കയകറ്റുവാനും ഒരു ഇഞ്ച് റവന്യുഭൂമി പോലും ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തുവാനും പഞ്ചായത്തിന്റെ പരിമിതമായ റിസോഴ്സ് ഉപയോഗിച്ച് പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.