ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായി അഞ്ചാം ക്ലാസുകാരി വേദ സോണി
1424399
Thursday, May 23, 2024 5:35 AM IST
താമരശേരി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി സ്കൂളിനും നാടിനും മാതൃകയായിരിക്കുകയാണ് തലയാട് എളാഞ്ചേരി സോണി - ഹണി ദമ്പതികളുടെ മകൾ അഞ്ചാം ക്ലാസുകാരി വേദ സോണി. പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തീവ്രമായ ആഗ്രഹമാണ് വേദയെ സേവന തൽപ്പരയാക്കുന്നത്.
മുടി നീട്ടി വളർത്തി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുവാൻ മുറിച്ചു നൽകി നാടിന് മാതൃകയായിരിക്കുകയാണ് വേദ. തൃശൂരുള്ള ചാരിറ്റബിൾ ട്രസ്റ്റിനാണ് മുടി നൽകിയത്. ചെറുപ്പം മുതലേ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിക്കുന്ന വേദ കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ അഞ്ചാംതരം വിദ്യാർഥിനിയാണ്.
സ്കൂളിലെ സെന്റ് മദർ തെരേസ സേവന അവാർഡ് പദ്ധതിയിലെ അംഗമായ വേദ പാവപ്പെട്ട കുട്ടികളുടെ ഭവന നിർമാണ പ്രവർത്തനങ്ങളിലും മുൻപന്തിയിലാണ്. കാക്കണം ചേരി ആദിവാസി കോളനിയിലെ വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും ഭക്ഷണവും നൽകാറുണ്ട്.
കൂടാതെ മെഡിക്കൽ കോളജ് ഉൾപ്പെടെ ആശുപത്രിയിലുള്ള രോഗികൾക്ക് വീടുകളിൽ പോയി ഭക്ഷണപൊതികൾ ശേഖരിച്ച് ഓരോ സംഘടനകൾക്കും എത്തിച്ചു നൽകാനും വേദ സമയം കണ്ടെത്തുന്നുണ്ട്. ചെറു പ്രായത്തിൽ തന്നെ സന്നദ്ധ പ്രവർത്തനങ്ങൾ ഏർപ്പെട്ട് നാട്ടുകാർക്കും സഹപാഠികൾക്കും പ്രചോദനമാവുകയാണ് ഈ കൊച്ചുമിടുക്കി.