മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ പ്രവര്‍ത്തന രീതികള്‍ക്കെതിരേ ആക്ഷേപം
1422662
Wednesday, May 15, 2024 4:38 AM IST
കോഴിക്കോട്: ഒരു സ്ഥാപനത്തിന് ഉണ്ടായിരിക്കേണ്ട മികച്ച പ്രവർത്തന സംസ്കാരം മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസിന് ഇല്ലെന്നാണ് പരാതികളിൽ നിന്ന് മനസിലാകുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തുറന്ന ആശയവിനിമയം, സഹകരണാത്മകമായ അന്തരീക്ഷം, പരസ്പര ബഹുമാനം, സഹാനുഭൂതി, മുതലായവ ഈ ശാസ്ത്ര സ്ഥാപനത്തിനില്ലാത്തത് തികച്ചും ഖേദകരമാണെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ വിവിധ പ്രോജക്ടുകളിൽ ജോലി ചെയ്യുന്നവർ ജൂണിയർ സയന്റിസ്റ്റുമാരിൽ നിന്നും അനുഭവപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിമർശനം.
പരാതിക്ക് ആസ്പദമായ വിഷയത്തിൽ സ്ഥാപന മേധാവി ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്നും കമ്മീഷൻ വിലയിരുത്തി. ഇരുകക്ഷികളും അവർ ജോലി ചെയ്യുന്ന സ്ഥാപനത്തെ മറന്ന് പെരുമാറി. പരാതിക്കാർ നിലവിൽ സ്ഥാപനത്തിൽ ജോലി ചെയ്യാത്ത സാഹചര്യത്തിൽ കമ്മീഷൻ ഇടപെടുന്നില്ല. പരാതിക്കാർക്ക് സർട്ടിഫിക്കറ്റോ മറ്റോ കിട്ടാനുണ്ടെങ്കിൽ കാലതാമസം കൂടാതെ നൽകണമെന്ന് കമ്മീഷൻ സ്ഥാപന മേധാവിയായ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
ഡയറക്ടറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. പരാതിക്കാരെ സ്ഥാപനത്തിൽ നിന്നും പറഞ്ഞുവിട്ടതു കാരണമാണ് പരാതി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2023 ജൂണിൽ സ്ഥാപനത്തിൽ ചുമതലയേറ്റ മൂന്ന് ജൂണിയർ സയന്റിസ്റ്റുമാരുമായി പൊരുത്തപ്പെടാൻ പ്രോജക്ട് സ്റ്റാഫിന് കഴിയാതെ വന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രോജക്ട് സ്റ്റാഫ് അംഗങ്ങളായിരുന്നവർ എസ്. ജിഷ്ണുരാജിന്റെ നേതൃത്വത്തിൽ നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടി.