സുൽത്താൻ ബത്തേരിയെ ഗണവതിവട്ടമാക്കുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന വിവാദത്തിൽ
1415967
Friday, April 12, 2024 5:36 AM IST
കൽപ്പറ്റ: പാർലമെന്റ് അംഗമായാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്റെ പ്രസ്താവന വിവാദത്തിൽ. സുരേന്ദ്രനെ കടന്നാക്രമിച്ച് രാഷ്ടീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്തുവന്നു.
അനവധി ക്ഷേത്രങ്ങൾ തകർക്കുകയും ഹിന്ദുക്കളെ കൊന്നൊടുക്കുകയും ചെയ്ത ഭരണാധികാരിയായി ടിപ്പു സുൽത്താനെ ചിത്രീകരിക്കുകയും അധികാരസ്ഥാനത്ത് എത്തിയാൽ ബത്തേരി നഗരത്തിന്റെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന് പറയുകയും ചെയ്യുകവഴി മത സൗഹാർദം തകർക്കാനാണ് സുരേന്ദ്രൻ ശ്രമിക്കുന്നതെന്നു സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അഭിപ്രായപ്പെട്ടു. പ്രസ്താവന സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം വിപരീതഫലത്തിനു കാരണമാകുമെന്ന് വിലയിരുത്തുന്നവരും കുറവല്ല.
ഗണപതിവട്ടം എന്നായിരുന്നു സുൽത്താൻ ബത്തേരിയുടെ നാമം. ബത്തേരിയിൽ ഗണപതിവട്ടം എന്ന ബോർഡും കാണാം. ബത്തേരി ഗണപതി ക്ഷേത്രഭരണം കൈയാളിയിരുന്നവരുടെ പിൻമുറക്കാർ സുൽത്താൻ ബത്തേരിയെ ഗണപതിവട്ടം എന്നു പുനർനാമകരണം ചെയ്യണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നതുമാണ്.
മൈസൂരുവിൽനിന്നുള്ള പടയോട്ടകാലത്ത് ടിപ്പു സുൽത്താന്റെ വെടിമരുന്ന്-പടക്കോപ്പ് സൂക്ഷിപ്പുകേന്ദ്രം ബത്തേരിയിൽ പ്രവർത്തിച്ചിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് അധിനിവേശകാലത്തെ ഭരണാധികാരികൾ ഗണപതിവട്ടത്തെ സുൽത്താൻസ് ബാറ്ററിയാക്കിയത്. ഇത് പിന്നീട് രേഖകളിലടക്കം സുൽത്താൻ ബത്തേരിയാകുകയായിരുന്നു.
വയനാട്ടിൽ റിപ്പബ്ലിക് ടിവി പ്രതിനിധിക്കു നൽകിയ അഭിമുഖത്തിലാണ് അവസരമൊത്താൽ ബത്തേരിയെ ഗണപതിവട്ടമാക്കുമെന്ന പ്രസ്താവന സുരേന്ദ്രൻ ആദ്യം നടത്തിയത്. പ്രവർത്തനമാരംഭിക്കാനിരിക്കുന്ന ദ ഫോർത്ത് ചാനൽ പ്രതിനിധിയോടും സുരേന്ദ്രൻ ഇങ്ങനെ പറയുകയുണ്ടായി. പിന്നീട് താമരശേരിയിൽ വാർത്താ സമ്മേളനത്തിലും ബത്തേരിയെ ഗണപതിവട്ടമാക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു.
വയനാടിന്റെയും മൈസൂരുവിന്റെയും ചരിത്രത്തിൽ മതിയായ ബോധ്യം ഇല്ലാത്തതാണ് സുരേന്ദ്രൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയതിനു പിന്നിലെന്ന് ചരിത്രകാരൻ ഒ.കെ. ജോണി വിമർശിച്ചു. ബ്രീട്ടീഷ് ചരിത്രകാരൻമാർ എഴുവച്ചതല്ല യഥാർഥ ചരിത്രമെന്ന് അദ്ദേഹം പറഞ്ഞു.
സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന മതസൗഹാർദം തകർക്കുന്നതും സാമുദായിക അസഹിഷ്ണുത വളർത്തുന്നതുമാണെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അഭിപ്രായപ്പെട്ടു.
മണ്ഡലത്തിലെ കാതലായ പ്രശ്നങ്ങളിൽനിന്നു ജനശ്രദ്ധ തിരിക്കാനുള്ള മനഃപൂർവ ശ്രമമാണ് സുരേന്ദ്രന്റേത്. പ്രസ്താവന പിൻവലിച്ച് ജനങ്ങളോട് മാപ്പുപറയാൻ സുരേന്ദ്രൻ തയാറാകണമെന്നും ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
വയനാട്ടിലെ ജനങ്ങൾ ഇപ്പോൾ ജീവൻ മരണ പോരാട്ടത്തിൽ ആണ്. ഒരു ഭാഗത്ത് വന്യ ജീവിയുടെ ആക്രമണം, മറു ഭാഗത്ത് ബദൽ പാതയുടെ വിഷയം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളാണ് വയനാട് മണ്ഡലത്തിൽ ജനങ്ങൾ നേരിടുന്നത്.
അത്തരം സാഹചര്യത്തിൽ അതിനൊക്കെ ശാശ്വതമായ പരിഹാരം കാണുക എന്നതിലുപരി വയനാട്ടിലെ ജനങ്ങളുടെ മനസിലേക്ക് വർഗീയതയുടെ വിഷം കുത്തി നിറക്കാൻ ശ്രമിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റും വയനാട് ലോകസഭ മണ്ഡലം ബിജെപി സ്ഥാനാർഥി കൂടിയായ സുരേന്ദ്രൻ അത്രമാത്രം അസഹിഷ്ണുത പുലർത്തുന്ന ആളാണ് എന്ന് ഈ പ്രസ്താവനയിലൂടെ വയനാട്ടിലെ ജനങ്ങൾക്ക് ഒരിക്കൽ കൂടി കാണിച്ച് കൊടുത്തിരിക്കുകയാണെന്ന് എൽഡിഎഫ് സ്ഥാനാർഥി ആനി രാജ പറഞ്ഞു.
സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന ബിജെപിയുടെ വർഗീയ അജൻഡയ്ക്കു തെളിവാണെന്ന് എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ സി.കെ. ശശീന്ദ്രനും കണ്വീനർ ടി.വി. ബാലനും പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നാടിന്റെ വികസനമോ രാഷ്ട്രീയമോ ബിജെപിക്കു പറയാനില്ല. സമൂഹത്തിൽ ഭിന്നിപ്പും ധ്രുവീകരണവും ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ഇപ്പോഴത്തെ ശ്രമം.
ഇത് ഉത്തരേന്ത്യയല്ല, കേരളവും വയനാടുമാണെന്ന് സുരേന്ദ്രൻ മനസിലാക്കണം. മതനിരപേക്ഷതയുടെ നാടാണ്. ചരിത്രബോധമുള്ള ജനതയാണ്. ആദിമ നിവാസികളും വിവിധ ഭാഗങ്ങളിൽനിന്ന് കുടിയേറിയ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവരും തോളോടുതോൾചേർന്ന് ജീവിക്കുന്ന ഇടമാണ് വയനാട്.
ഇവിടെ വർഗീയവിഷം കുത്തിവയ്ക്കാനുള്ള ശ്രമം വിലപ്പോകില്ല. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിന് വയനാട്ടിൽ വളക്കൂറുണ്ടാകില്ല. വെറുപ്പും വിദ്വേഷവും പടർത്തുന്ന സംഘപരിവാർ അജൻഡ ഉയർത്തി നാടിനെ ഭിന്നിപ്പിച്ച് ശ്രദ്ധ നേടാനാനുള്ള സുരേന്ദ്രന്റെ തന്ത്രം വോട്ടർമാർ അവജ്ഞയോടെ തള്ളുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
സുൽത്താൻ ബത്തേരിയുടെ പേര് മാറ്റണമെന്ന ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രന്റെ പ്രസ്താവന അവജ്ഞയോടെ തള്ളണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു. സുരേന്ദ്രന്റെ പ്രസ്താവന ജനങ്ങളെ പരിഹസിക്കുന്നതാണ്.
മതത്തിനും രാഷ്ട്രീയത്തിനുമപ്പുറം പരസ്പരം സ്നേഹവും ബഹുമാനവും നിലനിർത്തി സമാധാനപൂർണമായ ജീവിതം നയിക്കുന്നവരാണ് വയനാട്ടുകാർ. വർഗീയ ധ്രൂവീകരണം നടത്താനുള്ള കെണിയിൽ ജനത വീഴില്ല.
തെരഞ്ഞടുപ്പ് കാലത്ത് രാഷ്ട്രീയ നേതാക്കൾ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പ്രസ്താവനകളും പ്രസംഗങ്ങളുമല്ല നടത്തേണ്ടത്. രാഷ്ട്രീയത്തിനപ്പുറം ജനങ്ങളെ ഒന്നായി കാണാനുള്ള വിശാല മനസ്കത നേതാക്കൾ കാട്ടണം. ഉത്തരേന്ത്യൻ രാഷ്ട്രീയം കേരളത്തിൽ വിലപ്പോവില്ലെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.