റോഡിലെ കുഴി കാരണം കടിയങ്ങാട്ട് അപകടം പതിവാകുന്നു
1396123
Wednesday, February 28, 2024 5:10 AM IST
കടിയങ്ങാട്: കുറ്റ്യാടി-പേരാമ്പ്ര റോഡിൽ കടിയങ്ങാട് ടൗണിന്റെ ഹൃദയ ഭാഗത്ത് മാസങ്ങൾക്ക് മുമ്പ് ജലജീവൻ പൈപ്പിടാൻ എടുത്ത കുഴി മണ്ണിട്ട് മൂടിയതല്ലാതെ റീടാറിംഗ് നടത്താനോ കോൺക്രീറ്റ് ചെയ്യാനോ തയാറാവാത്തത് അപകടത്തിനിടയാക്കുന്നതായി പരാതി. ദിവസവും നൂറു കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണു ഇത്വഴി കടന്നു പോകുന്നത്.
എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് വശം കൊടുക്കുമ്പോഴും കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുമ്പോഴും അപകടത്തിൽ പെടുകയാണ്. വാഹനങ്ങൾ കയറിയിറങ്ങി മണ്ണും കല്ലും മുഴുവൻ പൊടിയായി ഉയർന്നു പൊങ്ങി കച്ചവട സ്ഥാപനങ്ങളിലും വഴിയാത്രക്കാരുടെ ദേഹത്തും പതിക്കുന്നുമുണ്ട്.
വലിയ കുഴികൾ രൂപപ്പെട്ടത് കൂടാതെ, റോഡ് പൊട്ടിപൊളിഞ്ഞതും നിരവധി വാഹനങ്ങൾ കേട്പാടുകൾ പറ്റി പാതി വഴിയിൽ യാത്ര മുടങ്ങുന്നത് പതിവാകുകയാണ്. ആംബുലൻസ് ഉൾപ്പെടെ ഗതാഗത കുരുക്കിൽ പെടുന്നതായും പരാതി ഉണ്ട്.
മഴക്കാലം മുഴുവൻ ചെളിയും വെള്ളവും വേനൽകാലത്ത് മണ്ണും പൊടിയും സഹിച്ചു കടകൾ കൃത്യമായി തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇബ്രാഹിം മാക്കൂൽ, പൊതു പ്രവർത്തകൻ സലാം പുല്ലാംകുന്നത്ത് എന്നിവർ പറഞ്ഞു. പ്രശ്നം ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.