കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങി
1394252
Tuesday, February 20, 2024 7:32 AM IST
കോഴിക്കോട്: ക്ഷീര മേഖലയില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ജില്ലാ പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം കോഴിക്കോട് ജില്ലാപഞ്ചായത്ത് ഏറ്റുവാങ്ങി. ഇടുക്കി ജില്ലയിലെ കുമളി അണക്കരയില്‍ നടന്ന സംസ്ഥാന ക്ഷീരോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി ജെ.ചിഞ്ചുറാണിയില്‍ നിന്നു ജില്ലാ പഞ്ചായത്ത് പ്രസിഡ ഷീജ ശശി, വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് വി.പി.ജമീല എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലേയും ക്ഷീരകര്‍ഷകരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022-23 സാമ്പത്തിക വര്‍ഷം രണ്ട് പദ്ധതികളാണ് ക്ഷീരമേഖലയില്‍ നടപ്പിലാക്കിയത്.ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്സിഡിയാണ് ഇതിലൊന്ന്. ഈ പദ്ധതിയില്‍ ക്ഷീരസംഘങ്ങളില്‍ പാല് നല്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് അവര്‍ നല്കുന്ന പാലിന്റെ അളവനുസരിച്ച് ഒരു ലിറ്റര്‍ പാലിന് പരമാവധി മൂന്ന് രൂപ പ്രകാരം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുകയാണ് ചെയ്തത്.
ഒരു വ്യക്തിക്ക് നല്കുന്ന പരമാവധി ധനസഹായം 40000 രൂപ ആണ്.ആകെ 2,25,00,000 രൂപയാണ് ഈ പദ്ധതി മുഖാന്തിരം ചെലവഴിച്ചത്. കറവപശുക്കള്‍ക്ക് കാലിത്തീറ്റ സബ്സിഡിയാണ് മറ്റൊരു പദ്ധതി. ഈ പദ്ധതിയില്‍ ക്ഷീരസംഘങ്ങളില്‍ നിന്നു കാലിത്തീറ്റ വാങ്ങുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഒരു കറവപ്പശുവിന് ഒരു മാസം 100 കിലോ കാലിത്തീറ്റ അമ്പത് ശതമാനം സബ്സിഡിയോട് കൂടി നല്‍കുകയാണ് ചെയ്തത്.ഒരു വ്യക്തിക്ക് നല്കുന്ന പരമാവധി ധനസഹായം 7000 രൂപ ആണ്.ആകെ 80,00,000 രൂപയാണ് ഈ പദ്ധതി മുഖാന്തിരം ചെലവഴിച്ചത്.
ചടങ്ങില്‍ വാഴൂര്‍ സോമന് എംഎല്‍എ അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.വി.റീന, പി.പി.നിഷ ,അംഗങ്ങളായ രാജീവ് പെരുമണ്‍പുറ, ബോസ് ജേക്കബ് , സിന്ധു സുരേഷ്, സി.വി.എം.നജ്മ ,പദ്ധതി കോ ഓര്‍ഡിനേറ്റര്‍ അബൂതാഹിര്‍ ജില്ലാ ക്ഷീര വികസന ഓഫീസര്‍ കെ.എം.ജീജ എന്നിവര്‍ പങ്കെടുത്തു.