ചന്തയിലേക്ക് അറവ് മാലിന്യം ഒഴുക്കി വിടുന്നു
1339699
Sunday, October 1, 2023 7:35 AM IST
ബാലുശേരി: ബാലുശേരി ചന്തയിൽ സംസ്ഥാന പാതയോരത്തുള്ള പ്രവേശന കവാടത്തിൽ അറവു ശാലയിൽ നിന്നും മറ്റു വില്പന കേന്ദ്രങ്ങളിൽ നിന്നുമുള്ള മലിന ജലം ഒഴുക്കിവിട്ട് ദുർഗന്ധം വമിക്കുന്നു. മലിന ജലത്തിൽ കൊതുകും പുഴുക്കളും നിറഞ്ഞു നിൽക്കുകയാണ്. ഇതിനെതിരേ സമീപത്തുള്ള കച്ചവടക്കാർ പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല.
അസഹ്യമായ ദുർഗന്ധം മൂലം സമീപത്തെ ചില കച്ചവട സ്ഥാപനങ്ങൾ ഇന്നലെ തുറക്കാൻ സാധിച്ചിട്ടില്ല. ഇതിന് മുൻപ് ബിജെപിയും ഓട്ടോ തൊഴിലാളികളും കച്ചവടക്കാരും മലിന ജലം ഓവ് ചാലിലേക്ക് ഒഴുക്കി വിടുന്നത് തടഞ്ഞിരുന്നു. മാലിന്യം ഒഴുക്കിവിടുന്നവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.