പേരാമ്പ്ര എസ്റ്റേറ്റിൽ നൂറ് കോടി ചെലവിൽ സയൻസ് പാർക്ക് ഒരുങ്ങുന്നു
1339316
Saturday, September 30, 2023 12:40 AM IST
ചക്കിട്ടപാറ: മുതുകാടുള്ള പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ നൂറ് കോടി രൂപ ചെലവിൽ ഇന്ത്യയിലെ ആദ്യത്തെ സയൻസ് പാർക്ക് ഒരുങ്ങുന്നു.
ഗോകുലം നേച്ചർ വെഞ്ച്വർ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സയൻസ് പാർക്ക് ഒരുങ്ങുന്നത്. ശാസ്ത്ര കൗതുകമുണർത്തുന്നവരെ ആകർഷിക്കാൻ ഉതകുന്ന രീതിലാണ് ശാസ്ത്ര തത്വങ്ങളെ പ്രായോഗികമായ തരത്തിൽ പാർക്കിൽ അവതരിപ്പിക്കുന്നത്.
പെൻസിൽ മുതൽ ആകാശത്തേയ്ക്ക് പറന്നുയരുന്ന റോക്കറ്റ് വരെയുള്ള പതിനായിര കണക്കിന് ആശയങ്ങളുടെ ആവിഷ്കാരമായിരിക്കും ഈ പാർക്ക്. ലോകത്തിലെ തന്നെ പ്രമുഖ ശാസ്ത്രീയ ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പാർക്ക് പ്രവർത്തിക്കുക.
കൂടാതെ ബിസി മുതൽ ഇന്ന് വരെയുള്ള അറിവുകളുടെ നൂറ്റാണ്ടുകളെ തിരിച്ചുള്ള വികസനത്തിന്റെ പൂർണ ചുരുൾ നിവർത്തുന്ന കാഴ്ച്ചകൾ ഇവിടെ ഒരുക്കാനാണ് പദ്ധതി. ഡയറക്ടർ കോശി, ഡോ. ജോസഫ് ഡി. ഫെർണാണ്ടസ്, പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, എ.ജി. രാജൻ എന്നിവർ സ്ഥലം സന്ദർശിച്ചു.