മലയോര ജനതയ്ക്ക് ഊരാക്കുടുക്കായി ടൈഗർ സഫാരി പാർക്ക്
1337416
Friday, September 22, 2023 2:24 AM IST
ചക്കിട്ടപാറ: പരിസ്ഥിതി ലോല മേഖലയുടെയും ബഫർ സോണിന്റെയും പേരിൽ ആശങ്കയിൽ കഴിയുന്ന മലയോര മേഖലയിലെ കർഷകർക്ക് ഊരാക്കുടുക്കൊരുക്കി വനംവകുപ്പിന്റെ ടൈഗർ സഫാരി പാർക്ക്.
മലബാർ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട, മുതുകാട് ഭാഗത്ത് ടൈഗർ സഫാരി പാർക്ക് ആരംഭിക്കാനുള്ള വനം വകുപ്പിന്റെ നീക്കം മലബാർ വന്യ ജീവി സങ്കേതത്തെ ഒരു കടുവ സങ്കേതമാക്കി മാറ്റി കൂടുതൽ വിസ്തൃതിയിൽ ബഫർ സോൺ അടക്കമുള്ള നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്ന് പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ കെ.എ. ജോസുകുട്ടി ആരോപിച്ചു.
വയനാട്, കർണാടക അതിർത്തിയിലുള്ള വന്യജീവി സങ്കേതത്തെ കടുവ സങ്കേതമാക്കാനുള്ള ശ്രമം വയനാട്ടുകാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഉപേക്ഷിച്ച സാഹചര്യത്തിലാണ് കോഴിക്കോട് അതിർത്തിയിലുള്ള മലബാർ വന്യജീവി സങ്കേതത്തെ കടുവ സങ്കേതമാക്കി മാറ്റി കൂടുതൽ ഫണ്ടും ഉദ്യോഗ പോസ്റ്റുകളും തരപ്പെടുത്താനുള്ള വനം വകുപ്പിന്റെ ഗൂഢ നീക്കമെന്നും ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ മലയോരത്തെ ജനങ്ങൾ മുന്നിട്ടറങ്ങണമെന്നും കൺവീനർ കെ.എ. ജോസുകുട്ടി ആവശ്യപ്പെട്ടു.