മുക്കം പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണം പുനരാരംഭിച്ചേക്കും
1336753
Tuesday, September 19, 2023 7:49 AM IST
മുക്കം: പാതിവഴിയിൽ നിലച്ച മുക്കം പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണം പുനരാരംഭിക്കുവാനുള്ള സാധ്യത തെളിയുന്നു.
ലിന്റോ ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും വിഷയം നിയമസഭയിൽ സബ്മിഷനായി അവതരിപ്പിക്കുകയും ചെയ്തതോടെയാണിത്. ഇക്കാര്യത്തിൽ ധനകാര്യവകുപ്പ് ആവശ്യപ്പെട്ട അധിക വിവരങ്ങൾ ലഭ്യമാക്കാൻ സംസ്ഥാന പോലിസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മുക്കം പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിട നിർമാണം ആരംഭിച്ചത്.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടരക്കോടിയും സംസ്ഥാന ആഭ്യന്തര വകുപ്പ് അനുവദിച്ച രണ്ടരക്കോടിയും ചെലവഴിച്ചായിരുന്നു പ്രവൃത്തി നടത്തേണ്ടിയിരുന്നത്. എന്നാൽ ആഭ്യന്തര വകുപ്പ് അനുവദിച്ച രണ്ടരക്കോടി ലഭിക്കാതായതോടെയാണ് പോലിസ് സ്റ്റേഷന്റെ നിർമാണ പ്രവൃത്തി പാതിവഴിയിൽ നിലച്ചത്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടരക്കോടി രൂപയുടെ പ്രവൃത്തി മാത്രമാണ് ഇപ്പോൾ പൂർത്തീകരിക്കാൻ കഴിഞ്ഞത്.
സംസ്ഥാന ആഭ്യന്തര വകുപ്പ് അനുവദിച്ച രണ്ടരക്കോടി ലഭ്യമായാൽ മാത്രമേ ബാക്കി പ്രവൃത്തി ആരംഭിക്കാൻ കഴിയുകയുള്ളൂ. 12,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടത്തിന്റെ ആദ്യ നിലയിൽ മൂന്ന് ലോക്കപ്പുകളും സ്റ്റേഷൻ ഓഫീസർക്കുള്ള മുറിയുമാണുള്ളത്. ഒന്നും രണ്ടും നിലകൾക്ക് മേൽക്കൂര നിർമിച്ച് മേൽക്കൂരയിൽ മണ് ടൈലുകൾ പാകാനും മുകളിലെ നിലയിൽ ഡിവൈഎസ്പി, ഇൻസ്പെക്ടർ, എസ്ഐ എന്നിവർക്കുള്ള ഓഫിസ് മുറി, വനിത പോലിസുകാർക്കുള്ള മുറി, കംപ്യൂട്ടർ റൂം, ഓഡിറ്റോറിയം എന്നിവ നിർമിക്കാനുമായിരുന്നു പദ്ധതി. കോണ്ക്രീറ്റും തേപ്പും അടക്കമുള്ള പ്രവർത്തികൾ കഴിഞ്ഞപ്പോഴേക്കും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച തുക കഴിഞ്ഞു.
വയറിംഗ്, പെയിന്റിംഗ്, ടൈൽസ് വിരിക്കൽ, മിനുക്കുപണികൾ തുടങ്ങി രണ്ടു കോടിയോളം രൂപയുടെ പ്രവൃത്തികൾ ഇനിയുമുണ്ട്. 2017ലെ സംസ്ഥാന ബജറ്റിൽ പുതിയ കെട്ടിടത്തിന് രണ്ടേകാൽ കോടി രൂപ വകയിരുത്തിയിരുന്നു.
ഭരണാനുമതിയും സാങ്കേതികാനുമതിയും നേടി പ്രവൃത്തി ആരംഭിക്കാനിരിക്കെ, സുപ്രീം കോടതി നിർദേശത്തെ തുടർന്ന് പ്രവൃത്തി നീണ്ടു പോവുകയായിരുന്നു.
പുതുതായി നിർമിക്കുന്ന പോലിസ് സ്റ്റേഷൻ കെട്ടിടങ്ങളിൽ മൂന്ന് ലോക്കപ്പുകൾ വേണമെന്ന സുപ്രീം കോടതി നിർദേശമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായത്. സ്ത്രീകൾക്കും പുരുഷൻമാർക്കും ട്രാൻസ്ജെൻഡേഴ്സിനും വെവ്വേറെ ലോക്കപ്പുകൾ വേണമെന്നായിരുന്നു പുതിയ മാർഗ നിർദേശം. ഈ മാർഗ നിർദേശമനുസരിച്ച് പ്ലാൻ മാറ്റി വരച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
നിലവിലെ പോലിസ് സ്റ്റേഷൻ കെട്ടിടം പൊളിയ്ക്കാതെ തൊട്ടു പിന്നിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നിലവിലുള്ള പോലിസ് സ്റ്റേഷൻ കെട്ടിടം ചോർന്നൊലിക്കുന്നുണ്ട്. പലയിടത്തും പൊട്ടിപ്പൊളിഞ്ഞിട്ടുമുണ്ട്.