ഒടിക്കുഴി റോഡിലെ അപകടക്കുഴി അടച്ചില്ലെന്ന് ആക്ഷേപം
1297361
Thursday, May 25, 2023 11:56 PM IST
കൂരാച്ചുണ്ട്: പഞ്ചായത്തിലെ മൂന്നാം വാർഡിൽപ്പെട്ട ഒടിക്കുഴി- പൂവ്വത്തുംചോല റോഡിലെ ഒടിക്കുഴി അങ്കണവാടിക്ക് സമീപം റോഡരികിൽ കഴിഞ്ഞ മഴക്കാലത്ത് അപകടകരമായി രൂപപ്പെട്ട ഗർത്തം ഇന്നും പരിഹാരം കാണാതെ യാത്രക്കാർക്ക് ഭീഷണിയായി തീർന്നതായി പരാതി. കല്ലാനോടിനുള്ള ബൈപാസ് റോഡായും ഉപയോഗിക്കുന്ന റോഡിൽ ഒട്ടേറെ വാഹനങ്ങൾ ഓടുന്നുണ്ട്.
അപകടക്കെണി ഒരുക്കുന്ന ഗർത്തം ഇതുവഴി വരുന്ന വലിയ വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് പ്രയാസകരമാകുന്നുണ്ട്.
ഗർത്തം സമീപത്തുള്ള കലുങ്കിനും ഭീഷണി ഉയർത്തുന്നുണ്ട്. ടാറിംഗിനോട് ചേർന്നാണ് ഗർത്തമുള്ളത്. ഇതിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.