ടെറസിന്റെ മുകളിൽ പച്ചക്കറി തോട്ടമൊരുക്കി വേനപ്പാറയിലെ കുട്ടി കർഷകൻ
1281686
Tuesday, March 28, 2023 12:19 AM IST
വേനപ്പാറ: വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി സനാ ഈൻ വീടിന്റെ ടെറസിന്റെ മുകളിൽ മികച്ച പച്ചക്കറി തോട്ടമൊരുക്കി ശ്രദ്ധേയനാവുകയാണ്.
വേനപ്പാറ അമ്പലത്തിങ്കൽ വടക്കേക്കര ഫിറോസിന്റെയും ഷാജിഅയുടെയും മകനാണ് സനാഈൻ. വിഷമില്ലാത്ത പച്ചക്കറി വീട്ടിലും വിദ്യാലയത്തിലും എന്ന സ്കൂൾ പദ്ധതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് 5 മാസം മുമ്പ് സനാ ഈൻ മാതാപിതാക്കളുടെ സഹായത്തോടെ വീട്ടിൽ കൃഷി ആരംഭിച്ചത്. സ്കൂളിൽ നിന്ന് കിട്ടിയ ചോളത്തിന്റെ വിത്താണ് ആദ്യം നട്ടത്. പിന്നീട് വിവിധ ഇനം പച്ചക്കറി നട്ടുപിടിപ്പിച്ച് ടെറസിന്റെ മുകളിലെ കൃഷി വിപുലീകരിക്കുകയായിരുന്നു.
തക്കാളി, വഴുതന, വെണ്ട, പയർ, കാബേജ്, കോളിഫ്ലവർ, പടവലം, പാവൽ, ചീര, നിത്യവഴുതന മല്ലിച്ചപ്പ്, പൊതിന, സവാള, പച്ചമുളക് തുടങ്ങിയ പച്ചക്കറികളും ചോളവുമെല്ലാം വിളയിച്ച് മാതൃകയായി മാറിയിരിക്കുകയാണ് ഈ കുട്ടി കർഷകൻ. 150 ലേറെ ഗ്രോ ബാഗുകളിലാണ് കൃഷി ചെയ്യുന്നത്.
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ഏറ്റവും മികച്ച കുട്ടികർഷകനായി സനാ ഈൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിളവെടുത്ത പച്ചക്കറികൾ വീട്ടാവശ്യത്തിനും മിച്ചമുള്ളവ അയൽവാസികൾക്കും ബന്ധുക്കൾക്കുമൊക്കെ നൽകുകയാണ്. കുട്ടി കർഷകന്റെ ടെറസിന്റെ മുകളിലെ കൃഷിയിടത്തിൽ നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടനം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി നിർവഹിച്ചു. സ്കൂൾ കാർഷിക ക്ലബ് കൺവീനർ ജിജോ തോമസ് അധ്യാപകരായ വി.എം. ഫൈസൽ, അഞ്ജു മാത്യുവും മാതാപിതാക്കളും സഹോദരി സൻഹയും വിളവെടുപ്പിൽ പങ്കാളികളായി.