വിലങ്ങാട് വായാട് മലയോരത്ത് ഭീതി പരത്തി അജ്ഞാത ജീവി
1280354
Thursday, March 23, 2023 11:40 PM IST
നാദാപുരം: വിലങ്ങാട് മലയോരത്ത് ഭീതി പരത്തി അജ്ഞാത ജീവിയുടെ സാന്നിധ്യം. ഒമ്പത് ആടുകളെ കാണാതായി. നരിപ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിലെ വടക്കെ വായാട് മേഖലയിലാണ് നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാത ജീവിയുടെ വിളയാട്ടം.
വയനാടൻ കാടുകളോട് ചേർന്ന പേര്യ റിസർവ് വനത്തിന് സമീപ പ്രദേശമാണ് വായാട്. ഒറ്റ തൈയ്യിൽ തങ്കച്ചന്റെ ആടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാതായത്. അഞ്ച് മാസം പ്രായമായ എട്ട് ആടുകളെയും , ഗർഭിണിയായ മറ്റൊരാടിനെയുമാണ് രണ്ടാഴ്ച്ചക്കിടെ പല ദിവസങ്ങളിലായി കാണാതായത്. വീടിന് സമീപം പറമ്പിൽ മേയാൻ വിട്ടതായിരുന്നു.
ഇതിൽ ഒരാടിൻ കുട്ടിയെ മലമുകളിൽ പകുതി ഭാഗം തിന്ന നിലയിൽ കണ്ടെത്തി. ഒരു ലക്ഷത്തിൽ പരം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി തങ്കച്ചൻ പറഞ്ഞു.ഇതിന് പിന്നാലെയാണ് പ്രദേശത്തെ ടാപ്പിംഗിനും മറ്റും പോയ തൊഴിലാളികൾ പുലിയെ കണ്ടതായും മറ്റും പറഞ്ഞതായി വീട്ടുകാർ പറഞ്ഞത്. രണ്ട് ദിവസം മുമ്പും ഈ പരിസരത്ത് പുലിയെ കണ്ടതായി പ്രദേശവാസിയായ വീട്ടമ്മ പറഞ്ഞു. പകൽ സമയത്ത് പോലും വളർത്ത് പട്ടികൾ കുരച്ച് ബഹളം വെക്കുന്നതായും കൂട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ മടി കാണിക്കുന്നതായും നാട്ടുകാർ പറഞ്ഞു. നേരത്തെ മേഖലയിൽ കുരങ്ങുകളുടെ ശല്യത്താൽ പൊറുതി മുട്ടിയിരുന്നെന്നും അജ്ഞാത ജീവിയുടെ സാന്നിധ്യം സ്ഥിതീകരിച്ചതോടെ കുരങ്ങുകളെ കാണാതായെന്നും ഇവർ പറയുന്നു. മേഖലയിൽ ഇതിന് മുമ്പ് പുലി സാന്നിധ്യം വനം വകുപ്പ് അധികൃതർ സ്ഥിതീകരിച്ചിരുന്നു.