പാലങ്ങളെ ആകർഷകമാക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും: മന്ത്രി
1263232
Monday, January 30, 2023 12:34 AM IST
ചക്കിട്ടപാറ: കേരളത്തിലെ പാലങ്ങളെ ആകർഷകമാക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
ചക്കിട്ടപാറ പഞ്ചായത്തിലെ ഒന്നാം വാർഡ് പന്നിക്കോട്ടൂർ തിമിരിപ്പുഴക്ക് 8.44 കോടി ചെലവഴിച്ച് പുതിയതായി നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് കൂവപ്പൊയിലിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പാലങ്ങൾ ദീപാലങ്കാരങ്ങളാൽ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റും. ഇതിനായി പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്താൽ കേരളത്തിലെ 50 പാലങ്ങൾ ഈ നിലയിൽ മാറ്റാനായി സർക്കാർ ആലോചിച്ചിട്ടുണ്ട്.
ഇതിനായി പൊതുമരാമത്ത്-ടൂറിസം വകുപ്പുകൾ ചേർന്ന് ഇന്ത്യയിലെ വിവിധ ഡിസൈൻ മേഖലയിലെ വിദഗ്ധർ, ലോകത്ത് അറിയപ്പെടുന്ന ആർക്കിടെക്ച്ചർമാർ എന്നിവർ ഡിസൈൻ പോളിസി കൊണ്ടുവരാനുള്ള ശിൽപ്പശാല സംഘടിപ്പിച്ചു. ശിൽപശാലയിൽ വന്ന നിർദേശങ്ങൾ സർക്കാരിൽ സമർപ്പിച്ച് നടപടിയാകാൻ പോകുകയാണെന്നും മന്ത്രി പറഞ്ഞു. നദികളില്ലാതെ വെറുതെ കിടക്കുന്ന പാലങ്ങളുടെ അടിയിൽ വയോജനങ്ങൾക്കും, കുട്ടികൾക്കുമുള്ള പാർക്കുകൾ എന്നിവയാക്കി മാറ്റും. സർക്കാർ അധികാരത്തിൽ വന്ന ശേഷം 489 കോടി 49 ലക്ഷം രൂപയുടെ 35 പാലങ്ങളുടെ പ്രവർത്തികൾ പൂർത്തീകരിച്ചു. 1200 കോടിയുടെ 143 പാലങ്ങളുടെ പ്രവൃത്തികൾ നടന്നുവരികയാണെന്നും 782 കോടി 50 ലക്ഷം രൂപയുടെ 85 പാലങ്ങളുടെ പ്രവർത്തികൾക്ക് സർക്കാർ ഭരണാനുമതി നൽകിയതായും മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, ഉത്തരമേഖലാ സുപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ.മിനി റിപ്പോർട്ട് അവതരിപ്പിച്ചു.