അനധികൃത ഡയറി ഫാം; പ്രദേശവാസികൾ സമരത്തിലേക്ക്
1262902
Sunday, January 29, 2023 12:08 AM IST
കൂരാചുണ്ട്: കൂരാചുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്ഡില് അനധികൃതമായി പ്രവര്ത്തിക്കുന്ന ഡയറി ഫാമിന്റെ പ്രവര്ത്തനം പ്രദേശവാസികളെ ദുരിതത്തിലാക്കുന്നതായി ജനകീയ സമരസമിതി ഭാരവാഹികള് വാര്ത്താസമ്മേളനത്തില് ആരോപിച്ചു.
60 പശുക്കളുമായി പ്രവര്ത്തിക്കുന്ന ഫാമിലെ മാലിന്യം പുറത്തേക്ക് ഒഴുക്കി വിടുന്നത് മൂലം പരിസരത്തെ കിണറുകളും ശുദ്ധജല ശ്രോതസുകളും മലിനമായിരിക്കുകയാണ്.
ഈ കിണറുകളിലെ വെളളത്തില് ക്വോളി ബാക്ടീരിയ ഉണ്ടെന്ന് പരിശോധനയില് തെളിഞ്ഞതോടെ പ്രദേശവാസികള്ക്ക് വെള്ളമെത്തിക്കാമെന്ന് ഫാം ഉടമ സമ്മതിക്കുകയും ഏതാനും ദിവസം വെള്ളം എത്തിച്ചതിന് ശേഷം പിന്നീട് നിര്ത്തലാക്കുകയുമായിരുന്നു.
ഫാമിലെ മാലിന്യത്തിന്റെ രൂക്ഷ ഗന്ധം മൂലം സമീപവാസികള് പരാതി പറഞ്ഞതോടെ പൊലൂഷ്യന് സര്ട്ടിഫിക്കറ്റും ലൈസന്സും ഇല്ലാത്ത കാരണം കാട്ടി ഫാമിന് കൂരാചുണ്ട് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കി. 14 ദിവസത്തിനുള്ളില് ഫാം അടച്ച് പൂട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് മുന്നില് ഹാജരാകാനാണ് ഉത്തരവെങ്കിലും നിലവിലും ഫാം ഉടമ നിയമവിരുദ്ധ പ്രവര്ത്തനം തുടരുകയാണ്. ഇതിനിടെ ഉടമ തന്റെ സ്വാധീനം ഉപയോഗിച്ച് പൊല്യൂഷന് സര്ട്ടിഫിക്കറ്റ് വാങ്ങാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഭാരവാഹികള് ആരോപിച്ചു. പരാതി നല്കിയവരെ ഫാം ഉടമ ഭീഷണിപ്പെടുത്തിയതായും ആരോപിച്ചു. വിഷയത്തില് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില് കേസ് നല്കുമെന്നും പറഞ്ഞു.വാര്ത്താസമ്മേളനത്തില് ജനകീയ സമരസമിതി രക്ഷാധികാരി ഷിബു ജോര്ജ്ജ്, കണ്വീനര് നവീന് പ്രഭാകരന് എന്നിവര് പങ്കെടുത്തു.