മന്ത്രി രാജിവച്ച് മാപ്പ് പറയണമെന്ന് കർഷക അതിജീവന സംയുക്ത സമിതി
1262030
Wednesday, January 25, 2023 12:37 AM IST
ചക്കിട്ടപാറ: കർഷകരെ ദ്രോഹിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന മന്ത്രി രാജിവച്ച് കർഷക ജനതയോട് മാപ്പ് പറയണമെന്ന് കേരള കർഷക അതിജീവന സംയുക്ത സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മലയോര ജനതയെ ബഫർ സോൺ എന്ന പേരിൽ നിശബ്ദമായി കുടിയിറക്കുന്ന വനംവകുപ്പിന്റെ തന്ത്രങ്ങൾ ഇവിടുത്തെ സാധാരണ ജനങ്ങൾക്കുപോലും മനസിലാക്കുകയും അതിനെതിരേ പ്രതികരിച്ചുകൊണ്ട് വിവിധങ്ങളായ സമരപരിപാടികൾ ആരംഭിക്കുകയും ചെയ്തു. ഈ സമരപരിപാടികളെല്ലാം നടത്തിയത് ഭൂമാഫികളാണെന്ന മന്ത്രിയുടെ പ്രസ്താവന തികച്ചും അപലപനീയമാണ്.
മലയോര മേഖലയിൽ താമസിക്കുന്ന ജനതയുടെ പ്രതീക്ഷയ്ക്ക് കരിനിഴൽ വീഴ്ത്തുന്ന നടപടികൾ വനംമന്ത്രി സ്വീകരിക്കുന്നത് ആർക്കു വേണ്ടിയാണെന്ന് വ്യക്തമാക്കണം.
ജനദ്രോഹ നടപടികൾ നിരന്തരമായി നടത്തുന്ന മന്ത്രി രാജിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ജില്ലാ ചെയർമാൻ മോൺ. ജോൺ ഒറവുങ്കര അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ്. ചെയർമാൻ ജോസ് കണ്ണഞ്ചിറ,ജില്ലാ കൺവീനർ ബോണി ജേക്കബ് ആനത്താനം, ബാബു പുതുപ്പറമ്പിൽ, തോമസ് വെളിയംകുളം, ലൈജു അരീപ്പറമ്പിൽ,സെമിലി സുനിൽ, ജോൺസൺ കക്കയം, ജിജോ വട്ടോത്ത്, രാജു ജോൺ, സലിം പുല്ലടി, മാർഗരറ്റ് തേവടിയിൽ എന്നിവർ പ്രസംഗിച്ചു.