വിഴിഞ്ഞം സമരത്തിനു ഐക്യദാർഢ്യം: കത്തോലിക്ക കോൺഗ്രസ്
1246430
Tuesday, December 6, 2022 11:45 PM IST
കോടഞ്ചേരി: വിഴിഞ്ഞം തീരദേശ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത ആഹ്വാനം ചെയ്ത പ്രതിഷേധ റാലിയും പൊതുയോഗവും കോടഞ്ചേരി മേഖല സമിതിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ടൗണിൽ നടന്നു.
കേരളത്തിന്റെ രക്ഷാ സൈന്യം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച തീരദേശ സമൂഹത്തെ രാഷ്ട്രീയ താത്പര്യത്തിന്റെ മറവിൽ ദേശ ദ്രോഹികളും തീവ്രവാദികളുമായി മുദ്രകുത്തുന്നത് ഇച്ഛാശക്തിയില്ലാത്ത രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേട് എന്ന് മാത്രമേ കരുതാൻ സാധിക്കൂ എന്ന് യോഗം വിലയിരുത്തി.
അദാനി പോർട്ട് നിർമിക്കാൻ 1500ലധികം കോടി രൂപ ചിലവഴിച്ച സർക്കാരിന് ഈ പാവപ്പെട്ട മത്സ്യ തൊഴിലാളി സമൂഹത്തിന് പുനരധിവാസമുറപ്പാക്കാൻ തുച്ഛമായ തുക ചെലവഴിക്കാൻ സാധിക്കുന്നില്ല എന്നത് ഇരട്ടത്താപ്പ് നയമാണ്. നാനാ ജാതി മതസ്ഥരായ മുക്കുവ സമൂഹത്തിന്റെ നിലനിൽപ്പിനു വേണ്ടിയിട്ടുള്ള ഈ സമരത്തെ രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി വർഗീയ വത്കരിക്കാൻ ശ്രമിക്കുന്ന ഗൂഢനീഗങ്ങൾ മതേതര മുഖമുള്ള ഈ കേരള സമൂഹം ചെറുത്തു തോൽപ്പിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് ഡയറക്ടർ ഫാ:കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഷാജു കരിമഠം, രൂപതാ ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, കോടഞ്ചേരി ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. സജിൻ തളിയൻ, രൂപതാ ഭാരവാഹികളായ ഷാജി കണ്ടത്തിൽ,സജി കരോട്ട്, കോടഞ്ചേരി യൂണിറ്റ് ട്രഷറർ ബിബിൻ കുന്നത്ത്, യൂണിറ്റ് വൈസ് പ്രസിഡന്റ് ഷില്ലി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.