കിഡ്നി രോഗികൾക്ക് ആശ്വാസം പകർന്ന് കൊടിയത്തൂർ പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ്
1226105
Thursday, September 29, 2022 11:58 PM IST
കൊടിയത്തൂർ: കഴിഞ്ഞ ഒന്നര വർഷത്തിനിടെ നിരവധി പുതിയതും ജനോപകാരപ്രദമായ പദ്ധതികളും നടപ്പാക്കിയ കൊടിയത്തൂർ പഞ്ചായത്ത് ഇപ്പോൾ പഞ്ചായത്തിലെ കിഡ്നി രോഗികൾക്കും ആശ്വാസമാവുകയാണ്.
കൊടിയത്തൂർ പഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്ത ഡയാലിസ് ചെയ്യുന്ന മുഴുവൻ കിഡ്നി രോഗികൾക്കും സൗജന്യമായി മരുന്ന് വീടുകളിലെത്തിച്ച് നൽകുന്ന പദ്ധതിയാണ് പഞ്ചായത്ത് ഭരണസമിതി നടപ്പാക്കുന്നത്.
ഡയാലിസിസ് ചെയ്യുന്ന 20 കിഡ്നി രോഗികൾക്ക് ഡയാലിസിസ് കിറ്റും, മരുന്നുകളും ഇഞ്ചക്ഷനുമുൾപ്പെടെ ആവശ്യമുള്ള അഞ്ച് രോഗികൾക്ക് ആവശ്യമായ മരുന്നുകളുമാണ് സൗജന്യമായി വീടുകളിലെത്തിച്ചു നൽകുന്നത്.
ഇതിനായി കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പത്ത് ലക്ഷം രൂപ വകയിരുത്തിയിരുന്നു. കഴിഞ്ഞ വർഷമാരംഭിച്ച പദ്ധതി പ്രകാരം ഡയാലിസിസ്കിറ്റും മരുന്നുമുൾപ്പെടെ ആശുപത്രിയിൽ വന്നു വാങ്ങുകയായിരുന്നു ചെയ്തിരുന്നത്. ഇനി ഇവ ഓരോരുത്തരുടെയും വീടുകളിലെത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.
ഭരണ സമിതിയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് കഴിഞ്ഞ വർഷം കിഡ്നിനി രോഗികൾക്ക് മരുന്ന് നൽകുന്ന പദ്ധതിക്കും തുടക്കം കുറിച്ചിരുന്നത്. മരുന്ന് ഉൾപ്പെടെയുള്ള സാമഗ്രികൾ സൗജന്യമായി നൽകുന്ന പദ്ധതി രോഗിക്കും കുടുംബത്തിനും ഏറെ ആശ്വാസമാവുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് പറഞ്ഞു.