നിയുക്ത സഹായമെത്രാന്‍ രൂപതാകേന്ദ്രത്തിൽ സ്വീകരണം നൽകി
1224387
Saturday, September 24, 2022 11:59 PM IST
മാനന്തവാടി: രൂപതയുടെ നിയുക്ത സഹായമെത്രാൻ മോണ്‍.അലക്സ് താരാമംഗലത്തിന് ബിഷപ്സ് ഹൗസിൽ സ്വീകരണം നൽകി. തലശേരി അതിരൂപത മെത്രാപ്പോലീത്ത ജോസഫ് പാംപ്ലാനി, തലശേരി അതിരൂപത കൂരിയാ അംഗങ്ങൾ, ഫൊറോനാ വികാരിമാർ, മറ്റു വൈദികർ എന്നിവർ തലശേരിയിൽ നിന്നു നിയുക്ത സഹായമെത്രാനെ അനുഗമിച്ചു.
പൂച്ചെണ്ട് നൽകി ബിഷപ്സ് ഹൗസിൽ രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം മോണ്‍. അലക്സ് താരാമംഗലത്തിനെ സ്വാഗതം ചെയ്തു.
രൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോസ് പുഞ്ചയിലും നിയുക്ത സഹായമെത്രാന്‍ പൂച്ചെണ്ട് നൽകി. മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ, പ്രൊക്യുറേറ്റർ ഫാ.ജോണ്‍ പൊൻപാറയ്ക്കൽ, ചാൻസലർ ഫാ.അനൂപ് കാളിയാനിയിൽ, മൈനർ സെമിനാരിയിൽനിന്നും പാസ്റ്ററൽ സെന്ററിൽനിന്നുമുള്ള വൈദികർ, സെമിനാരി വിദ്യാർഥികൾ, സിസ്റ്റേഴ്സ്, ബിഷപ്സ് ഹൗസ് സ്റ്റാഫ് എന്നിവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
ബിഷപ്സ് ഹൗസിലെ ചാപ്പലിൽ നടന്ന പ്രാർത്ഥനാശുശ്രൂഷയിൽ രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം നിയുക്ത സഹായമെത്രാനും ആർച്ചുബിഷപിനും വൈദികർക്കും സ്വാഗതം പറഞ്ഞു. പ്രാർത്ഥനാശുശ്രൂഷയുടെ അവസാനം നിയുക്ത സഹായമെത്രാൻ ആശിർവാദം നൽകി. സ്ത്രോത്രഗീതത്തോടെ പ്രാർത്ഥനാശുശ്രൂഷ അവസാനിച്ചു.