ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
1572576
Thursday, July 3, 2025 10:26 PM IST
പേരൂര്‍ക്കട: കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കളിയിക്കാവിള വെളിയങ്കോട് നേമം ഹൗസില്‍ മീരാന്‍ പിള്ളയുടെയും പരേതയായ സുല്സി ബീവിയുടെയും മകള്‍ സുലൈഖ അസ്കിന്‍ (48) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചോടുകൂടി തമ്പാനൂര്‍ ബസ് ടെര്‍മിനലിനു മുന്നിലായിരുന്നു അപകടം.
വീട്ടിലേക്കു പോകുന്നതിനായി ബസില്‍ കയറാന്‍ ഓടിയെത്തുന്നതിനിടെയായിരുന്നു അത്യാഹിതം. ബസില്‍ കയറാനായി റോഡിലൂടെ ഡ്രൈവര്ക്യാബിന്റെ സമീപത്തുകൂടി വരുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ബസിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും ചക്രങ്ങള്‍ സുലൈഖ അസ്കിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
ബസിന്റെ മുന്നില്‍ക്കൂടി യുവതി കടന്നുപോകുന്നതു കണ്ടില്ലെന്നാണ് ബസ്ഡ്രൈവറുടെ മൊഴി. പ്രവാസി മലയാളിയായ അസ്കിന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: ആശിറ യാസീന്‍, അര്‍ഷിന, ഇര്ഫാന്. മരുമകന്: യാസീന്‍. തമ്പാനൂര്‍ പോലീസ് കേസെടുത്തു.