വന്യജീവി സംഘര്‍ഷം : ആദിവാസി മരണങ്ങള് പരിശോധിക്കും: മന്ത്രി
1572545
Thursday, July 3, 2025 6:04 AM IST
പേരൂര്‍ക്കട: വന്യജീവി സംഘര്‍ഷങ്ങളില്‍ ആദിവാസികള്‍ കൂടുതലായി കൊല്ലപ്പെടുന്നതു സങ്കടകരമാണെന്നും വിഷയം സര്‍ക്കാര്‍ വിശദമായി പരിശോധിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. വഴുതക്കാട്ടെ വനം ആസ്ഥാനത്ത് നടന്ന ഗോത്രഭേരി സംസ്ഥാന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനം വകുപ്പു നടപ്പാക്കിവരുന്ന പത്തിന മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ പദ്ധതികള്‍ വിജയം കണ്ടുതുടങ്ങിയിട്ടുണ്ട്.
2024-25 കാലഘട്ടത്തില്‍ 67 പേര് വന്യജീവി സംഘര്‍ഷത്തില്‍ മരിച്ചതില്‍ 34 പേര് പാമ്പുകടി മൂലവും 19 പേര് ആനയുടെ മുന്നില്‍ അകപ്പെട്ടുമാണ്. എന്നാല്‍ ആനയുടെ മുമ്പില്‍പ്പെട്ടു മരിച്ച 19 പേരില്‍ 13 പേര് ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരാണ്.
ഓരോ മരണവും വേദനാജനകമാണെങ്കിലും 2021-22 വര്‍ഷത്തില്‍ 113 പേര് കൊല്ലപ്പെട്ട സ്ഥാനത്താണ് ഇത്രയും കുറഞ്ഞ മരണ നിരക്ക് എന്നത് മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ പദ്ധതികളുടെ വിജയത്തെ കാണിക്കുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആദിവാസി സമൂഹത്തിന്റെക്കൂടി അറിവുകള്‍ ശേഖരിക്കുന്നതിനായാണ് ഗോത്രഭേരി എന്ന പേരില്‍ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി. പുകഴേന്തി അധ്യക്ഷത വഹിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി. കൃഷ്ണന്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ. എല്‍. ചന്ദ്രശേഖര്‍, ഡോ. ജെ. ജസ്റ്റിന് മോഹന്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ്, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സി.എസ്. കണ്ണന് വാര്യര്‍, കോവില്‍മല രാജാവ് രാമന് രാജമന്നാന്, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ പി.പി. പ്രമോദ് എന്നിവര്‍ പങ്കെടുത്തു.