നേ​ര്യ​മം​ഗ​ലം മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​ക്കു​ന്നു : ഭീതിയിൽ വാഹനയാത്രക്കാർ
Friday, November 15, 2024 3:53 AM IST
അ​ടി​മാ​ലി: ദേ​ശീ​യ​പാ​ത 85 ക​ട​ന്നു പോ​കു​ന്ന നേ​ര്യ​മം​ഗ​ലം മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​ക്കു​ന്നു.​ ക​ഴി​ഞ്ഞ ദി​വ​സം നേ​ര്യ​മം​ഗ​ലം ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലൂ​ടെയെത്തി​യ വാ​ഹ​ന​യാ​ത്രി​ക​ര്‍ കാ​ട്ടാ​ന​യു​ടെ മു​മ്പി​ല്‍​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്.​

ക​ഴി​ഞ്ഞ വേ​ന​ല്‍​ക്കാ​ല​ത്ത് കാ​ട്ടാ​ന​ക​ള്‍ നി​ര​വ​ധി ത​വ​ണ ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​റ​ങ്ങു​ക​യും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ ഒ​രുത​വ​ണ ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ന്‍ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍നി​ന്നു ക​ഷ്ടി​ച്ചാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.​ രാ​ത്രി​കാ​ല​ത്തും കാ​ട്ടാ​ന​ക​ള്‍ റോ​ഡി​ല്‍ ഇ​റ​ങ്ങു​ന്ന സ്ഥി​തി​യു​ണ്ട്.​ വ​നമേ​ഖ​ല​യെ​ങ്കി​ലും മു​മ്പ് കാ​ട്ടാ​ന​ക​ള്‍ ഇ​ത്ര​ത്തോ​ളം റോ​ഡി​ലേ​ക്കി​റ​ങ്ങു​ന്ന സ്ഥി​തി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

രാ​പ​ക​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ വാ​ഹ​ന​ത്തി​ര​ക്കു​ള്ള ഇ​ട​മാ​ണ് നേ​ര്യ​മം​ഗ​ലം മേ​ഖ​ല.​ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ര​ട​ക്കം രാ​ത്രികാ​ല​ത്തും ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​റു​ണ്ട്.​ വേ​ന​ല്‍​ ക​ന​ക്കു​ന്ന​തോ​ടെ ദേ​ശീ​യ​പാ​ത​യി​ല്‍ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം വ​ര്‍​ധി​ച്ചാ​ല്‍ നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള യാ​ത്ര കൂ​ടു​ത​ല്‍ ദു​ഷ്‌​ക​ര​മാ​കും.