ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭ ട്രാഫിക് പോലീസിന്റെ സഹകരണത്തോടെ വാഴൂര്‍ റോഡില്‍ എസ്ബി ഹൈസ്കൂളിന് മുന്‍വശത്ത് ട്രാഫിക് പെഡസ്ട്രിയൻ ക്രോസിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ഓട്ടോമാറ്റിക് സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നത്. എസ്ബി, സെന്റ് ആന്‍സ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ തിരക്കുള്ള വാഴൂര്‍ റോഡ് മുറിച്ച് കടക്കുവാന്‍ സഹായകരമാണ് പുതിയ സംവിധാനം.
പെഡസ്ട്രിയൻ സിഗ്നലില്‍ ചുവപ്പ് തെളിയുമ്പോള്‍ ഉപകരണത്തില്‍നിന്നു ബീപ് ശബ്ദം പുറപ്പെടുവിക്കുന്നതോടൊപ്പം ഉപകരണത്തിനു മുന്‍വശത്തുള്ള നോ ക്രോസിംഗ് സിഗ്നല്‍ ഇടവിട്ട് പ്രകാശിക്കും. പെഡസ്ട്രിയൻ സിഗ്നലില്‍ പച്ച തെളിയുമ്പോള്‍ ഉപകരണത്തില്‍നിന്നും ഉയര്‍ന്ന ശബ്ദത്തില്‍ അലാറം മുഴങ്ങുകയും മുന്‍വശത്തെ ക്രോസിംഗ് ചെയ്യാനുള്ള സിഗ്നല്‍ തുടര്‍ച്ചയായി പ്രകാശിക്കുന്നതോടൊപ്പം ഉപകരണത്തിന് മുന്‍വശത്തുള്ള ഡോം വൈബ്രേറ്റ് ചെയ്യാനും തുടങ്ങും.
കാഴ്ചപരിമിതര്‍ക്ക് ബീപ് ശബ്ദത്തിലൂടെ ഉപകരണത്തിന് അടുത്തെത്താനും തുടര്‍ന്ന് ഉയര്‍ന്ന ശബ്ദത്തിലുള്ള അലാറം കേള്‍ക്കുമ്പോള്‍ റോഡ് മുറിച്ചുകടക്കുവാനും സാധിക്കും.
കേള്‍വിപരിമിതര്‍ക്ക് ഉപകരണത്തിനു മുകളിലൂള്ള ഡോമില്‍ സ്പര്‍ശിച്ചു നില്ക്കുകയാണെങ്കില് വൈബ്രേറ്റ് ചെയ്യുന്ന സമയം വൈബ്രേഷന്‍ സ്പര്‍ശനത്തിലൂടെ മനസിലാക്കി അവര്‍ക്കും റോഡ് മുറിച്ച് കടക്കാവുന്നതാണ്. ഇവരെ കൂടാതെ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും റോഡ് മുറിച്ചുകടക്കുവാന് വളരെ ഉപയോഗ പ്രദമായിരിക്കും.
പ്രവര്‍ത്തനസമയം
തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ എട്ടു മുതല്‍ പത്തുവരെയും വൈകുന്നേരം 3.15 മുതല്‍ മുതല്‍ 4.30 വരെയും ഓട്ടോമാറ്റിക് രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകുന്നേരത്തെ സമയം അഞ്ചുവരെ ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
എസ്ബി, സെന്റ് ആന്‍സ് സ്കൂളുകള്‍ക്കു മുമ്പില്‍ സിസി ടിവി കാമറകളും പ്രവര്‍ത്തനം തുടങ്ങി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ മൊബൈല്‍ ഫോണുകളിലേക്ക് ദൃശ്യങ്ങള്‍ ലഭിക്കുന്ന വിധമാണ് സിസിടിവികളുടെ ക്രമീകരണം. അഡ്ന്യൂസ് ഇന്ത്യ എന്ന സ്ഥാപനമാണ് ഈ ട്രാഫിക് സംവിധാനം സജ്ജമാക്കിയത്.
സിഗ്നല്‍ സംവിധാനം നാടിന് സമര്‍പ്പിച്ചു
എസ്ബി ഹൈസ്കൂള്‍ ജംഗ്ഷനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ജോബി സിഗ്നല്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
എസ്ബി ഹൈസ്കൂള്‍ മാനേജര്‍ റവ.ഡോ. ക്രിസ്റ്റോ നേര്യംപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ആന്റണി മാത്യൂസ്, ഹെഡ്മാസ്റ്റര് ഫാ. റോജി വല്ലയില്‍, സെന്റ് ആന്‍ഡ് ഗേള്‍സ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്‍സാ,
നഗരസഭാ കൗണ്‍സില്‍ അംഗങ്ങളായ ടെസ വര്‍സീസ്, രാജു ചാക്കോ, ബെന്നി ജോസഫ്, ചങ്ങനാശേരി എസ്എച്ച്ഒ വിനോദ്കുമാര്‍, ട്രാഫിക് പോലീസ് ഇന്‍സ്പെക്ടര്‍മാരായ തോമസ് ജോസഫ്, മനോജ്, മുന്‍ പോലീസ് ട്രാഫിക് ഇന്‍സ്പെക്ടര്‍ റെജിമോന്, എഎസ്ഐമാരായ ശ്രീവിദ്യ, അംബിക, എസ്ബി ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറിമാരായ പ്രവീണ്‍ കെ. മാത്യൂ, ലീന മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.