കൽപ്പറ്റ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കുടുംബശ്രീ മിഷനുമായി സഹകരിച്ച് സുരക്ഷിത ബാല്യം സുന്ദര ഭവനം’ വിഷയത്തിൽ ബാലസൗഹൃദ രക്ഷാകർതൃത്വം സംബന്ധിച്ച് കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക കുടുംബാന്തരീക്ഷം ബാലസൗഹൃദ ഇടങ്ങളാക്കുക ലക്ഷ്യമിട്ട് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി സംസ്ഥാന ബാലാവകാശ കമീഷൻ അംഗം കെ. ഷാജു ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണം, വനിതാശിശു വികസനം, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയോജിത പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് നേരേയുള്ള ശാരീരിക മാനസിക ലൈംഗിക അതിക്രമങ്ങൾ ചൂഷണങ്ങൾ തടയൽ, ആത്മഹത്യാ പ്രവണത ഇല്ലാതാക്കൽ, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം തടയുകയാണ് ലക്ഷ്യം.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷനായ പരിപാടിയിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ഡോ.എഫ്. വിൽസണ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ അലീന എന്നിവർ കുട്ടികളുടെ അവകാശങ്ങൾ, സംരക്ഷണത്തിന്റെ ആവശ്യകത, നിയമവശങ്ങൾ സംബന്ധിച്ച് ക്ലാസെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസ്, കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം മാനേജർ എം. പ്രഭാകരൻ, എഡിഎംസിമാരായ വി.കെ. റജീന, കെ.എം. സലീന, ജില്ലാ പ്രോഗ്രാം മാനേജർമാരായ കെ.ജെ. ബിജോയ്, വി. ജയേഷ്, സിഡിഎസ് ചെയർപേഴ്സൻമാർ, ആർപിമാർ, ആനിമേറ്റർമാർ, ജില്ലാമിഷൻ ടീമംഗങ്ങൾ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.