കൽപ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രണബ്ജ്യോതി നാഥ് ജില്ലയിലെത്തി.
പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളായ കൽപ്പറ്റ എസ്കെഎംജെ സ്കൂൾ, സുൽത്താൻ ബത്തേരി ഇവിഎം വെയർഹൗസ്, സെന്റ് മേരീസ് കോളജിലെ താത്ക്കാലിക സ്ട്രോംഗ് റൂം എന്നിവിടങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ച് തെരഞ്ഞെടുപ്പ് നടപടികൾ സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
വയനാട് ലോക്സഭാ മണ്ഡലത്തിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ, പോളിംഗ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ മുന്നൊരുക്കങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിലയിരുത്തി. കുറ്റമറ്റതും സുതാര്യവുമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഉറപ്പാക്കാൻ അദ്ദേഹം നിർദേശം നൽകി.
വരണാധികാരി കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, മാനന്തവാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി നിയോജക മണ്ഡലങ്ങളിലെ ഉപവരണാധികാരികളായ സബ്കളക്ടർ മിസാൽ സാഗർ ഭരത്, എം. ബിജുകുമാർ, കെ. മണികണ്ഠൻ എന്നിവരോടൊപ്പമാണ് സ്ട്രോംഗ് റൂം, പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ ഹാളുകൾ എന്നിവ സന്ദർശിച്ചത്. കളക്ടറേറ്റിൽ നടന്ന യോഗത്തിൽ പൊതു നിരീക്ഷകൻ എം. ഹരിനാരായണൻ, ചെലവ് നിരീക്ഷകൻ സീതാറാം മീണ, പോലീസ് നിരീക്ഷകൻ എം. അക്കനൂരു പ്രസാദ് പ്രളാദ്, ജില്ലാ പോലീസ് മേധാവി തപോഷ്ബസുമതാരി, അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതംരാജ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എം. ഉഷാകുമാരി, വിവിധ നോഡൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.