കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന രണ്ടു മഹാശാപങ്ങളാണ് കാന്പസ് രാഷ്ട്രീയവും റാഗിംഗും. ഒരു സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽനിന്നു പ്രിൻസിപ്പൽ ആയി റിട്ടയർ ചെയ്ത വ്യക്തി എന്ന നിലയിൽ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത്.
14 വർഷം വിവിധ സർക്കാർ എച്ച്എസ് സ്കൂളുകളിൽ ജോലിചെയ്ത എനിക്ക് ഒരു ദിവസം പോലും സമാധാനത്തോടെ ജോലിചെയ്യാൻ സാധിച്ചില്ല. അതിനു പ്രധാന കാരണം കാന്പസ് രാഷ്ട്രീയമെന്ന മഹാശാപമായിരുന്നു. നിസാര കാരണത്തിനു കേരളം മുഴുവൻ പഠിപ്പുമുടക്ക് പ്രഖ്യാപിക്കുന്ന വിദ്യാർഥിസംഘടനകളാണ് ഇവിടെയുള്ളത്.അനാവശ്യ പഠിപ്പുമുടക്കും പ്രതിഷേധങ്ങളും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളും പുറത്തുനിന്ന് ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടലുകളും സമാധാന അന്തരീക്ഷത്തെ തകർക്കുകയാണ്.
രക്ഷിതാക്കളെയും അധ്യാപകരെയും അനുസരിക്കാത്ത, പഠനത്തിൽ താത്പര്യമില്ലാത്ത കുട്ടികളാണ് കാന്പസ് രാഷ്ട്രീയം നയിക്കുന്നത്. ഇവരാണ് പിന്നീടു നേതാക്കളായും ഭരണാധികാരികളായും മാറുന്നത്. ഇങ്ങനെ വളരുന്നവരിൽനിന്ന് എങ്ങനെ നല്ല ഭരണം പ്രതീക്ഷിക്കും? വികസിത രാജ്യങ്ങളിലൊക്കെ പഠനവും കഴിഞ്ഞു ജോലിയും നേടിയ ശേഷമാണ് യുവാക്കൾ രാഷ്ട്രീയത്തിൽ സജീവമാകുന്നത്. അതുകൊണ്ടുതന്നെ അവിടങ്ങളിൽ നല്ല ഭരണാധികാരികളെ കാണാൻ കഴിയും.
നമ്മുടെ വിദ്യാഭ്യാസമേഖലയിൽ നിലനിൽക്കുന്ന മറ്റൊരു മഹാശാപമാണ് റാഗിംഗ്. അടുത്ത കാലത്താണ് വയനാട് പൂക്കോട് വെറ്ററിനറി കോളജ് കാന്പസിൽ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന സിദ്ധാർഥൻ എന്ന യുവാവ് അതിനിഷ്ഠുരമായി റാഗിംഗിനു വിധേയനായി മരിച്ചത്. ഇന്നു കാന്പസ് രാഷ്ട്രീയത്തിന്റെ ഒരു ബൈപ്രൊഡക്ടായി മാറിയിരിക്കുകയാണ് റാഗിംഗ് എന്ന ക്രൂരവിനോദം.
എന്റെ മകൻ റാഗിംഗിന്റെ ഇരയാണ്. അവന് ഇഷ്ടമുണ്ടായിരുന്ന ഒരു വിഷയമെടുത്തു കേരളത്തിലെ ഒരു പ്രമുഖ കോളജിൽ ചേർന്നു. എന്നാൽ, ഹോസ്റ്റലിലെ റാഗിംഗ് മൂലം കോഴ്സ് ഉപേക്ഷിച്ചു മറ്റൊരിടത്തു പഠിക്കേണ്ടിവന്നു. ഇതേ അനുഭവം നൂറുകണക്കിനു കുട്ടികൾക്കു വർഷംതോറും ഉണ്ടാകുന്നുണ്ട്. റാഗിംഗിനെതിരേ നിയമമുണ്ടെങ്കിലും അതു വേണ്ട രീതിയിൽ നടപ്പിലാക്കാൻ അധികാരികളും പോലീസും തയാറാകുന്നില്ല. എങ്ങനെയെങ്കിലും പ്ലസ് ടു കഴിഞ്ഞാൽ തുടർ പഠനത്തിനായി കുട്ടികൾ കേരളംവിട്ട് പോകുന്നതിനു രണ്ടു പ്രധാന കാരണം റാഗിംഗും കാന്പസ് രാഷ്ട്രീയവുമാണ്. ഇനിയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്കു പഠിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കാൻ അധികാരികൾ ശ്രദ്ധിക്കണം.
ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കൽ.