പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീഡനങ്ങളിൽനിന്ന് പലായനം ചെയ്ത അമുസ്ലിം അഭയാർഥികൾക്ക് പൗരത്വം നൽകാൻ ശ്രമിക്കുന്ന ഒരു നിയമനിർമാണമാണ് പൗരത്വ ഭേദഗതി നിയമം (സിഎഎ). ഈ നിയമം മുസ്ലിംകളോട് വിവേചനം കാണിക്കുന്നുവെന്നും ഇന്ത്യയുടെ മതേതര ഭരണഘടനയെ ലംഘിക്കുന്നുവെന്നും ചിലർ വാദിക്കുന്നതോടെ, ഈ നിയമം വളരെയധികം വിവാദങ്ങൾക്കും ചർച്ചകൾക്കും വിഷയമായി. അതേസമയം, മതവിശ്വാസത്തിന്റെ പേരിൽ പീഡനം നേരിടുന്നവർക്ക് സുരക്ഷിതമായ അഭയം നൽകേണ്ടത് ആവശ്യമാണെന്നാണ് നിയമത്തെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ആശ്വാസവും പിന്തുണയും നൽകാൻ ലക്ഷ്യമിട്ടുള്ള ഒരു മാനുഷിക നടപടിയാണ് സിഎഎ എന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു പറയുകയും ചെയ്യുന്നു.
ഭരണഘടന പ്രകാരം മുസ്ലിംകൾക്ക് ലഭ്യമായ സംരക്ഷണങ്ങൾ സിഎഎയുടെ പ്രാധാന്യം മനസിലാക്കുന്നതിൽ നിർണായകമാണ്.
നമ്മുടെ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനൽകുകയും മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ മുസ്ലിംകൾ ഇടയ്ക്കിടെ അക്രമത്തെ അഭിമുഖീകരിച്ചിട്ടുണ്ടെന്ന വസ്തുത നിഷേധിക്കാനാവില്ല. രാജ്യത്തെ നിയമം എല്ലായ്പോഴും അതിന്റെ വഴി സ്വീകരിച്ചിട്ടുണ്ട്. കേസുകൾ വിധിക്കുന്നത് നിഷ്പക്ഷമായ ജുഡീഷറിയാണ്. കൂടാതെ, ഇന്ത്യയുടെ സാംസ്കാരികവും സാമൂഹികവുമായ ഘടനയെ രൂപപ്പെടുത്തുന്നതിൽ മതം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. സ്വന്തം മതം ആചരിക്കുന്നതിനുള്ള വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടത് നിർണായകമാണെങ്കിലും, പരസ്പര ധാരണയും ആദരവും വളർത്തിയെടുക്കുന്നതും ഒരുപോലെ പ്രധാനമാണ്. സിഎഎയുടെ യഥാർഥ ഉദ്ദേശ്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിലൂടെ, തെറ്റിദ്ധാരണകൾ തടയാനും വിവിധ മതസമൂഹങ്ങൾക്കിടയിൽ സൗഹാർദം പ്രോത്സാഹിപ്പിക്കാനും കഴിയും.
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങൾ ഇന്ത്യയെ അതിരിടുന്ന ഇസ്ലാമിക രാജ്യങ്ങളാണ്. താലിബാന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ ഗവൺമെന്റ് ഒരു ഇസ്ലാമിക എമിറേറ്റ് ആണ്. ഒരു പരമോന്നത നേതാവിന്റെയും അദ്ദേഹത്തിന്റെ മത ഉപദേഷ്ടാക്കളുടെയും കൈകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന രാഷ്ട്രീയാധികാരം, ഇസ്ലാമിക നിയമാവലിക്ക് അനുസൃതമായി പ്രവർത്തിക്കുന്നു. ഈ രാജ്യത്തിന്റെ നേതൃത്വം എല്ലാ പ്രധാന നയതീരുമാനങ്ങളും മതാനുസൃതമായി എടുക്കുന്നു, അത് പിന്നീട് രാജ്യത്തെ സിവിൽ സർവീസും ജുഡീഷറിയും നടപ്പിലാക്കുന്നു. അഫ്ഗാനിസ്ഥാൻ ഒരു ഇസ്ലാമിക രാഷ്ട്രമായതിനാൽ, ഭരണം ശരിഅത്ത് നിയമത്തെയും പഷ്തൂൺവാലിയെയും അടിസ്ഥാനമാക്കിയുള്ളതാണ്. താലിബാൻ വിപുലമായ സാമൂഹികവും സാംസ്കാരികവുമായ നയങ്ങളിലൂടെ ഇത് കർശനമായി നടപ്പിലാക്കുന്നു.
ബംഗ്ലാദേശ്, പാക്കിസ്ഥാൻ ഭരണഘടനകളും ആ രാജ്യങ്ങളെ ഇസ്ലാമിക റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുന്നു. ഇന്ത്യപാക് അതിർത്തി 3,323 കിലോമീറ്ററും ഇന്ത്യബംഗ്ലാദേശ് അതിർത്തി 4,096 കിലോമീറ്ററും ഇന്ത്യഅഫ്ഗാൻ അതിർത്തി 106 കിലോമീറ്ററുമാണ്. നമ്മുടെ ഭൂമിശാസ്ത്രപരമായ അതിർത്തിയോടു ചേർന്നുള്ള മൂന്ന് രാജ്യങ്ങളുടെയും നിയമപരമായ വിശദീകരണം വ്യത്യസ്തമായിരിക്കാം. പക്ഷേ, അവ ഒരുതരത്തിൽ ഇസ്ലാമിക രാഷ്ട്രങ്ങളാണ്. ഏതെങ്കിലും തരത്തിലുള്ള ഇസ്ലാമിക് സ്റ്റേറ്റിൽ/റിപ്പബ്ലിക്കിൽ അധിവസിക്കുന്ന മുസ്ലിംകൾക്കു നേരേയുള്ള പീഡനങ്ങൾ ഏതെങ്കിലും മതപരമായ രീതിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. എന്നിരുന്നാലും, അവിടങ്ങളിലെ മുസ്ലിം ഇതര ന്യൂനപക്ഷങ്ങളെക്കുറിച്ച് ഇതു പറയാൻ കഴിയില്ല. ഇന്ത്യയുടെ കര അതിർത്തിയോട് ചേർന്നുള്ള ഈ മൂന്ന് രാജ്യങ്ങളിലെയും മതന്യൂനപക്ഷങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനാണ് നിയമം കൊണ്ടുവരുന്നത് എന്നാണ് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
എന്തുകൊണ്ട് മ്യാൻമറിൽനിന്നുള്ള രോഹിങ്ക്യകളെയും, പാക്കിസ്ഥാനിലെ അഹമ്മദിയാ വിഭാഗത്തെയും ശ്രീലങ്കൻ തമിഴ് അഭയാർഥികളെയും ഈ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നു എന്നു ചോദിക്കുന്നവരുണ്ട് . പാക്കിസ്ഥാനിലെ സ്ഥിതിഗതികൾ പരിശോധിച്ചാൽ ഇതിൽ ആദ്യ രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. പാക്കിസ്ഥാനിൽ കറാച്ചിയിലെ അർക്കനാബാദിൽ താമസിക്കുന്ന മൂന്നു ലക്ഷത്തിലേറെ രോഹിങ്ക്യൻ കുടുംബങ്ങളുണ്ട്. അരനൂറ്റാണ്ട് പാക്കിസ്ഥാനിൽ കഴിഞ്ഞിട്ടും, കറാച്ചിയിലെ രോഹിങ്ക്യൻ സമൂഹം ഇപ്പോഴും പൗരത്വം നേടുന്നതിലെ വെല്ലുവിളികൾ അഭിമുഖീകരിക്കുകയാണ്. ഇസ്ലാം മതസ്ഥരായിട്ടുപോലും ഒരു ഇസ്ലാമിക വിഭാഗത്തിന്റെ അവസ്ഥ ഇതാണ്.
ബംഗ്ലാദേശിലും സ്ഥിതി വ്യത്യസ്തമല്ല. രോഹിങ്ക്യൻ മുസ്ലിം വിഭാഗം ഇന്ത്യയുടെ മാത്രം പ്രശ്നമല്ല; അത് ആഗോളതലത്തിൽ ചർച്ച ചെയ്തു പരിഹരിക്കപ്പെടേണ്ട വിഷയമാണ്. അതിനാൽ ഇന്ത്യക്ക് രോഹിങ്ക്യൻ മുസ്ലിംകളെ അതിർത്തിയിൽ സ്വീകരിക്കാനോ ഇത്രയധികം ആളുകൾക്ക് പൗരത്വം നൽകാനോ കഴിയില്ല. രോഹിങ്ക്യകളുടെ കടന്നുകയറ്റം ഇന്ത്യയെ മാത്രമല്ല, ദക്ഷിണേഷ്യയെ മുഴുവനും ബാധിക്കുന്നതിനാൽ അന്താരാഷ്ട്ര നിയമപ്രകാരം പരിഹരിക്കപ്പെടേണ്ടതാണ്. അവരുടെ പൗരത്വവും പുനരധിവാസവും അന്താരാഷ്ട്ര നിയമങ്ങളുടെ വിശാലമായ പശ്ചാത്തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. പാക്കിസ്ഥാൻ രൂപീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഒരു വിഭാഗമാണ് അഹമ്മെദിയ മുസ്ലിംകൾ. അതുകൊണ്ടുതന്നെ ഇവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിന് കടമ്പകൾ ഏറെയുണ്ട്. പൗരത്വ നിയമം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളിലെ മതന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്നതായതിനാൽ ശ്രീലങ്കൻ അഭയാർഥിവിഷയം അതിൽ ഉടലെടുക്കുന്നേയില്ല.
ഇന്ത്യയെ രൂപപ്പെടുത്തുന്ന വിവിധ മതങ്ങളും സംസ്കാരങ്ങളും തിരിച്ചറിയുകയും രാജ്യത്തെ വൈവിധ്യം ആഘോഷിക്കുകയും ചെയ്യേണ്ടത് മുസ്ലിംകൾക്ക് പ്രധാനമാണ്. സിഎഎയെ വിവേചനപരവും തങ്ങൾക്കെതിരായ മുൻവിധിയുള്ളതുമായി അവർ കണക്കാക്കരുത്, ഇത് ഭിന്നതകൾ സൃഷ്ടിക്കാനും ഇന്ത്യയുടെ ബഹുസ്വരതയിൽ വിള്ളൽ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വിഭജനശക്തികളുടെ കൈകളിലേക്ക് കൂടുതൽ ശക്തി പകരാനും മാത്രമേ സഹായിക്കൂ. ഇന്ത്യയിലെ മുസ്ലിംകൾ വിദേശികളോ അഭയാർഥികളോ അല്ല. പ്രകൃത്യാലുള്ള ഇന്ത്യൻ പൗരന്മാരായ ഇന്ത്യൻ മുസ്ലിംകൾക്ക് ഇവിടെ എന്നും ഉയർന്ന ബഹുമാനം ലഭിക്കും. അവരെ നിർബന്ധിച്ച് രാജ്യത്തുനിന്ന് പുറത്താക്കാൻ ആരാലും സാധിക്കുകയില്ല, ആരും അതിന് മുതിരുകയുമില്ല. ഇന്ത്യൻ സർക്കാർ പല അവസരങ്ങളിലും ഈ പ്രസ്താവന ആവർത്തിച്ചുകഴിഞ്ഞിരിക്കുന്നു. പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ മുസ്ലിംകളുടെയോ മറ്റേതെങ്കിലും പൗരന്മാരുടെയോ പൗരത്വ പദവിയെ ചോദ്യം ചെയ്യുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ല. പൗരത്വ നിയമ ഭേദഗതി വ്യക്തികൾക്ക് അവരുടെ പൗരത്വ പദവി റദ്ദാക്കുന്നതിന് പകരം പൗരത്വം നൽകാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിനു കീഴിലുള്ള യൂണിയൻ ലിസ്റ്റിലെ എൻട്രി നമ്പർ 17ന് കീഴിൽ പൗരത്വം തന്നെ ഒരു കേന്ദ്ര വിഷയമായിരിക്കുമ്പോൾ, ഒരു സംസ്ഥാനത്തിനും ഈ കേന്ദ്ര നിയമം നടപ്പാക്കുന്നതിൽനിന്ന് പിന്മാറാൻ കഴിയില്ല. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുന്നതിൽ സിഎഎയുടെ ഊന്നൽ ഇന്ത്യൻ മുസ്ലിംകൾ അനുഭവിക്കുന്ന അവകാശങ്ങളും പ്രത്യേകാവകാശങ്ങളും കുറയ്ക്കുന്നില്ല. പകരം, അത് മാനുഷിക മൂല്യങ്ങളോടുള്ള ഇന്ത്യയുടെ സമർപ്പണത്തെയും മതേതരത്വത്തിന്റെ തത്വങ്ങളെയും ഉയർത്തിപ്പിടിക്കുകയും ദുർബലരായ സമുദായങ്ങൾക്ക് അവരുടെ മതവിശ്വാസങ്ങൾ പരിഗണിക്കാതെ സഹായം നൽകുകയും ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
ആദർശ് കുനിയില്ലം