അത്യുഷ്ണം നാശം വിതച്ച ഇടുക്കിയിലെ കാർഷിക മേഖല സന്ദർശിക്കാൻ കൃഷിമന്ത്രിയെത്തുന്നു എന്നതിൽ സന്തോഷം. വെറും സന്ദർശനത്തിനപ്പുറം ഗുണകരമായ ഇടപെടലുകൾക്ക് ഇത് കാരണമാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് കൃഷിമന്ത്രിയോട് ഇടുക്കിയിലെ കർഷകർക്കുവേണ്ടി ഏതാനും കാര്യങ്ങൾ...
പൂർണമായും കൃഷിയെ ആശ്രയിച്ച് മുന്നോട്ടു നീങ്ങുന്ന ജില്ലയാണ് ഇടുക്കി. കാലാവസ്ഥാ വ്യതിയാനങ്ങളും നാണ്യവിളകളുടെ വിലത്തകർച്ചയും ഈ കാർഷിക മേഖലയെ പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. എന്നാൽ, ഈ വർഷമുണ്ടായ അത്യുഷ്ണം കാർഷികമേഖലയിൽ ആകമാനം ഉണ്ടാക്കിയ ക്ഷതം ചെറുതല്ല. കൊടും ചൂടിലും വരൾച്ചയിലും കരിഞ്ഞുണങ്ങിയ കൃഷിഭൂമിയാണ് ഇപ്പോൾ ഇടുക്കിയിലുള്ളത്. ചൂടിന് ശമനമായി മഴ പെയ്തു തുടങ്ങിയെങ്കിലും കൃഷിവിളകൾ ആകമാനം തകർന്നടിഞ്ഞു.
ഏറ്റവും വലിയ നാശം ഉണ്ടായത് ഏലം കൃഷിയിലാണ്. മലയോരമേഖലയിലെ കർഷകർ ഏറെ ആശ്രയിക്കുന്നത് ഏലം കൃഷിയാണ്. അടുത്തകാലത്തെങ്ങും ഉണ്ടാകാത്ത ഭീകരമായ ഉഷ്ണം പല തോട്ടങ്ങളുടെയും സമ്പൂർണ നാശത്തിലേക്ക് വഴിതെളിച്ചു. ഏലം തോട്ടങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും അവരുടെ വരുമാന മാർഗങ്ങൾ നിലച്ചുപോകാൻ ഇതു കാരണമായി. തോട്ടം ഉടമകൾക്കുണ്ടായ ഭീകരമായ നഷ്ടങ്ങളോടൊപ്പം ഈ തോട്ടങ്ങളിൽ ജോലി ചെയ്തും ആശ്രയിച്ചും ഉപജീവനം നടത്തുന്ന സാധാരണക്കാരായ മനുഷ്യരുടെയും ഉപജീവനമാർഗം നിലച്ചു.
ജാതിക്കൃഷി ഹൈറേഞ്ചിലെ വലിയൊരു വരുമാനമാർഗമാണ്. എന്നാൽ പല തോട്ടങ്ങളിലും ജാതി സമ്പൂർണമായി കരിഞ്ഞുണങ്ങി നിൽക്കുന്നത് കാണാൻ കഴിയും. നീണ്ട വർഷങ്ങളുടെ അധ്വാനവും പരിശ്രമവുമാണ് നഷ്ടപ്പെട്ടുപോയിട്ടുള്ളത്. പൊതുവേ ഹൈറേഞ്ചിലെ കർഷകരുടെ ആശ്രയമായ കുരുമുളകും അത്യുഷ്ണത്തെ ചെറുത്തുനിൽക്കാൻ കഴിയാതെ കരിഞ്ഞുണങ്ങി.
ഭീകരമായ ചൂടിനെ തുടർന്ന് അനേക ദിവസങ്ങൾ റബർ ടാപ്പിംഗ് നടത്താനാകാതെ കർഷകർ വലഞ്ഞു. കന്നുകാലികൾക്ക് തീറ്റ കൊടുക്കാൻ കഴിയാതെ ഏറെ ദുരിതമനുഭവിച്ചവരാണ് ക്ഷീരകർഷകർ. പാലുത്പാദനം ഗണ്യമായി കുറയാൻ ഇത് കാരണമായി. കൊടിയ വരൾച്ച കന്നുകാലികളെ പരിപാലിക്കുന്നതിനും പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. മൂന്നാർ, മറയൂർ, വട്ടവട പ്രദേശങ്ങളിൽ പച്ചക്കറി, കരിമ്പ് കൃഷികളിലും വലിയ നാശനഷ്ടങ്ങളുണ്ടായി.
ഈ നാളുകളിൽ ഉണ്ടായ അത്യുഷ്ണം ഇടുക്കിയിലെ കാർഷിക മേഖലകളിൽ വലിയ നാശംവിതച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് നാട്ടിലുണ്ടായിട്ടുള്ളത്. കൃഷിയെ മാത്രം ആശ്രയിച്ച് മുന്നോട്ടു നീങ്ങുന്ന കർഷകർക്ക് ഉണ്ടായ നഷ്ടം നികത്താനുള്ള മാർഗങ്ങളും ഇല്ലാതായി. ഈ ദുരിതകാലത്തെ പ്രകൃതി ദുരന്തത്തിന്റെ ഭാഗമായി കണ്ട് ഹൈറേഞ്ചിലെ കാർഷികമേഖലയെ പടുത്തുയർത്താനുള്ള പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കുകയും പദ്ധതികൾ നടപ്പിലാക്കുകയും വേണം. മനഃപൂർവമല്ലാത്ത കൃഷിനാശങ്ങൾ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ കർഷകരെ സഹായിച്ചില്ലെങ്കിൽ വരും നാളുകളിൽ കർഷകർ കൃഷി ഉപേക്ഷിക്കാൻ കാരണമാകും.
വേനൽക്കാല കൃഷി നാശം വിലയിരുത്താൻ ജില്ലയിൽ എത്തുന്ന കൃഷി മന്ത്രിയുടെ സന്ദർശനം ഇടുക്കിയിലെ കർഷകരെ കൈപിടിച്ചുയർത്താൻ കഴിയട്ടെ എന്ന് ആശിക്കുന്നു.
ഫാ. ജിൻസ് കാരയ്ക്കാട്ട് ഡയറക്ടർ, ഇടുക്കി രൂപത മീഡിയാ കമ്മീഷൻ