കൊച്ചുകേരളം കഴിഞ്ഞ കുറേ വർഷങ്ങളായി സ്ഥിരമായി പ്രകൃതിദുരന്തങ്ങളുടെയും വെള്ളപ്പൊക്കത്തിന്റെയും പിടിയിലാണ്. എപ്പോൾ വേണമെങ്കിലും മഴക്കെടുതികൾ ഉണ്ടാകാവുന്ന ഒരു സാഹചര്യമാണ് കേരളത്തിൽ നിലനില്ക്കുന്നത്.
മഴക്കെടുതികൾ നേരിടാനുള്ള സർക്കാർ വകുപ്പുകളുടെ മുന്നൊരുക്കങ്ങൾ കാണുമ്പോൾ വെള്ളപ്പൊക്കം വന്നു കഴിഞ്ഞു ചെയ്യേണ്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ് അവർ മുൻതൂക്കം നൽകുന്നതെന്നു തോന്നും. കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലും വെള്ളപ്പൊക്ക മുന്നൊരുക്കമെന്നതു ദുരിതാശ്വാസ ക്യാമ്പുകളുടെ ഒരുക്കമാണ്. സത്യത്തിൽ ഈ ദുരിതാശ്വാസ ക്യാമ്പുകൾ സാമ്പത്തികബാധ്യത മാത്രമാണ് സർക്കാരിനു വരുത്തിവയ്ക്കുന്നത്.
കുറച്ചു കുടുംബങ്ങൾ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്താറുള്ളത്. ഭൂരിപക്ഷം ദുരിതബാധിതരും സാധാരണ വെള്ളപ്പൊക്കത്തിൽ വീടുവിട്ടുപോകാൻ തയാറാകില്ല. ചില ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആവശ്യത്തിനും അനാവശ്യത്തിനും ക്യാമ്പുകൾ തുടങ്ങുന്നതിൽ താത്പര്യം കാട്ടാറുണ്ട്. ഒഴിവാക്കാവുന്ന ക്യാമ്പുകൾക്കു പകരം ദുരിതബാധിത മേഖലകളിൽ യഥാസമയം സാമ്പത്തികസഹായം എത്തിക്കാനുള്ള നടപടിയാണ് വേണ്ടത്. ക്യാന്പിനു വരുന്ന അനാവശ്യ ചെലവുകൾ ഒഴിവാക്കാനാകും. ദുരിതം അനുഭവിക്കുന്ന അർഹതയുള്ളവർക്ക് ആശ്വാസമാകും
ഒഴിവാക്കാവുന്ന ദുരിതം
ആവശ്യത്തിന് സമയം കിട്ടിയിട്ടും നദികളും തോടുകളും കായലുകളും ആഴം കൂട്ടാത്തതാണ് കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണം. എന്നാൽ, ഇതിൽ നടപടിയില്ല. സർക്കാരിന്റെ സാമ്പത്തികസ്ഥിതിക്കു വലിയ തോതിൽ സഹായകമാകുന്ന ഒന്നാണ് നദികളും കായലുകളും ആഴം കൂട്ടുമ്പോൾ ലഭിക്കുന്ന മണലിൽനിന്നുള്ള ആദായം. നാട്ടിലെ സാധാരണക്കാർക്കു കുറെ തൊഴിലും ലഭിക്കും. ഡാമുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണൽ നീക്കം ചെയ്യുമ്പോൾ സാമ്പത്തികനേട്ടവും ഡാമുകൾക്കു സംഭരണശേഷിയും കൂടും. എന്നാൽ, ഇതിനൊന്നും താത്പര്യമെടുക്കുന്നില്ല.
ദുരിതബാധിതരുടെ കണക്കുണ്ടോ?
കേരളത്തിൽ വെള്ളപ്പൊക്ക, പ്രകൃതിദുരന്ത പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വിശദമായ കണക്ക് ഏതെങ്കിലും വകുപ്പിന്റെ കൈവശമുണ്ടോ? ആലപ്പുഴ ജില്ലയിലെ കുട്ടനാട് തന്നെ എടുക്കാം. ഇവിടെ താമസിക്കുന്നവരുടെ അവസ്ഥ സംബന്ധിച്ച് എന്തെങ്കിലും വിവരശേഖരണം നടത്താൻ സാധിച്ചിട്ടുണ്ടോ? ഒരു വെള്ളപ്പൊക്കമുണ്ടായാൽ യഥാർഥത്തിൽ ദുരിതം അനുഭവിക്കുന്നവരും തൊഴിൽ ഇല്ലാതാകുന്നവരും എത്ര, ആർക്കൊക്കെയാണ് ധനസഹായം നല്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ മുൻകൂട്ടി തയാറാക്കി വച്ചാൽ ദുരിതസമയത്ത് അടിയന്തരമായി സാമ്പത്തിക സഹായം എത്തിക്കാൻ സാധിക്കും.
ഇന്ന് അനർഹരായവരും ധനസഹായവും ആനുകൂല്യങ്ങളും കൈപ്പറ്റി വരുന്നു. അതുപോലെ കടൽ പ്രക്ഷുബ്ധമായാലുടൻ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഉത്തരവിറക്കും. എന്നാൽ, പലപ്പോഴും മത്സ്യത്തൊഴിലാളി കുടുബങ്ങൾ പട്ടിണിയാകുന്നു. നിരോധിത ദിവസങ്ങളുടെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത സഹായം കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ അക്കൗണ്ടിൽ എത്തിക്കാൻ സാധിക്കണം. മുന്നൊരുക്കങ്ങൾ യഥാവിധി സ്വീകരിച്ചാൽ ദുരന്തനിവാരണച്ചെലവ് കുത്തനെ കുറയ്ക്കാം.
എ.എം.എ. ചമ്പക്കുളം.