സിസ്റ്റർ ഗ്ലോറി സിഎംസിയുടെ ‘തിരുത്തൽ ശക്തിയാകാം, കരുതലോടെ’ എന്ന ചിന്തോദ്ദീപക ലേഖനം ആനുകാലിക കേരളത്തിന്റെ ജീർണതയുടെ പരിതാപകരമായ അവസ്ഥ എടുത്തുകാട്ടുകയുണ്ടായി. നിർഭാഗ്യമെന്നു പറയട്ടെ, പൊതുസമൂഹത്തിൽ മൂല്യാധിഷ്ഠിതമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും നിലപാടുകൾ സ്വീകരിച്ചു മുന്നേറാനുമുള്ള ആഹ്വാനങ്ങൾക്ക് വിലകൊടുക്കാൻ ആരുമില്ല എന്ന സ്ഥിതിയാണുള്ളത്.
അഴിമതി ആരു കാട്ടിയാലും അത് അഴിമതിതന്നെ എന്ന് ചങ്കൂറ്റത്തോടെ പറയാൻ ബുദ്ധിജീവികളോ മത നേതാക്കളോ ഭരണകർത്താക്കളോ രാഷ്ട്രീയ പ്രവർത്തകരോ തയാറാകാത്ത അവസ്ഥ കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണ്.
എന്റെ ആളുകൾ, എന്റെ പാർട്ടിയംഗങ്ങൾ, എന്റെ മതവിശ്വാസികൾ തുടങ്ങിയവർ അക്രമമോ അനീതിയോ അഴിമതിയോ കാട്ടിയാൽ അതിനെ നിർലജ്ജം ന്യായീകരിക്കുന്ന സമീപനം സ്വജനപക്ഷപാതം തന്നെയെന്നും ഭരണഘടനാ വിരുദ്ധമെന്നും പൊതുസമൂഹത്തിനറിയാം. എന്നാൽ തിരുത്തൽശക്തി ആകാനുള്ള ധാർമികത ഉത്തരവാദിത്വപ്പെട്ടവർക്ക് നഷ്ടപ്പെട്ടുപോകുന്നത് എത്രയോ അപകടകരമാണ്.
കക്ഷിരാഷ്ട്രീയ മേലാളന്മാരെയും അണികളെയുമല്ല ഈ നാടിനാവശ്യം. രാഷ്ട്രീയ ബോധമുള്ള, പൗരബോധമുള്ള, രാജ്യസ്നേഹികളായ നേതാക്കന്മാരെയും അണികളെയുമാണ്. കൂടാതെ നിയമ പാലകർ, നീതിന്യായപാലകർ, അധ്യാപകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെല്ലാം ദേശസ്നേഹികളായി അഴിമതി വിരുദ്ധരായി മാറേണ്ടിയിരിക്കുന്നു.
കലാലയങ്ങൾ കലാപവിമുക്തമാക്കാം
വിദ്യാലയങ്ങളുടെ പവിത്രതയും കലാലയങ്ങളുടെ ദാർശനികതയും പഠനോത്സുകതയും വീണ്ടെടുത്തേ മതിയാകൂ. കലാലയങ്ങളിലെ കലാപാന്തരീക്ഷം തുടച്ചുമാറ്റുന്നതിന് വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് നൽകിവരുന്ന അമിത പ്രാധാന്യത്തിന് കടിഞ്ഞാണിടണം.
കഷിരാഷ്ട്രീയ മത്സരങ്ങൾക്ക് പകരം ഉത്തമരായ, സമർഥരായ, സർഗശേഷിയുള്ള വിദ്യാർഥികൾ കോളജ് യൂണിയനുകളുടെ സാരഥികളാകട്ടെ. സമുന്നത നീതിന്യായ കോടതികൾ ഉണർന്ന് കലാലയങ്ങളിൽ നടമാടുന്ന മദ്യ, ലഹരി ഉപയോഗത്തിനും അക്രമ രാഷ്ട്രീയത്തിനും ലൈംഗിക അരാജകത്വത്തിനും അറുതിവരുത്താൻ സ്വയമേവ നടപടികൾ സ്വീകരിക്കുന്നത് ഉചിതമായിരിക്കും .
പൊതുജീവിതത്തിന്റെ വിവിധ തലങ്ങളിൽ സത്യത്തിലും നീതിയിലും വീരോചിതമായ ധാർമികതയോടെ മുന്നോട്ടുപോകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർതലങ്ങളിൽ അംഗീകാരം നൽകണം. അതോടൊപ്പം വ്യക്തിപരമായി സംശുദ്ധ രാഷ്ട്രീയ ധാർമികത പുലർത്തുന്ന മഹദ്വ്യക്തികളെ ആദരിക്കുന്നത് മാതൃകാപരമായിരിക്കും. കല്ലുവച്ച നുണകൾ ആവർത്തിച്ച് സത്യമാക്കുന്ന പ്രവണതകൾ അവസാനിപ്പിക്കണം.
പൊതുസമൂഹമേ, ഉണരുക
സ്വഭാവരൂപവത്കരണത്തിനും സന്മാർഗ ജീവിതത്തിനും ഉതകും രീതിയിൽ പഠനപദ്ധതികൾ ആവിഷ്കരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. കക്ഷിരാഷ്ട്രീയ ബന്ധങ്ങളുടെ പിൻബലത്തിൽ ഉന്നതാധികാര കസേരകൾ പങ്കുപറ്റുന്നതും പിടിച്ചുവാങ്ങുന്നതും നിർത്തലാക്കണം. സത്യവും നീതിയും പുലർത്തുന്ന സമർഥരായ പണ്ഡിതന്മാർ സർവകലാശാലാധിപർ ആകട്ടെ, ഭരണകർത്താക്കൾ ആകട്ടെ. ഇളം തലമുറ അതുകണ്ടുപഠിക്കട്ടെ.
മനുഷ്യത്വം മരവിച്ച് സ്നേഹമോ സഹതാപമോ നീതിയോ മറ്റുള്ളവരോട് പ്രകടിപ്പിക്കാത്ത തലമുറകൾ ഉണ്ടായിട്ട് എന്തു ഫലം? സർക്കാർ തലത്തിൽ ഒരു ഉന്നതാധികാര ഉപദേശക സമതി രൂപീകരിച്ച് അധാർമികത പ്രവണതകൾക്കും പ്രവർത്തനങ്ങൾക്കും കടിഞ്ഞാണിടാൻ നടപടികൾ ആവിഷ്കരിക്കണം.
മൂല്യബോധത്തിലേക്ക് തിരിച്ചുവരാം
‘മാതാ പിതാ ഗുരു ദൈവം’ എന്ന ആർഷഭാരത ചിന്ത അനിവാര്യമായും തിരിച്ചുകൊണ്ടുവരാൻ പരിശ്രമിക്കണം. നിരീശ്വര, യുക്തിവാദ ചിന്തകൾ മനുഷ്യാത്മാവിൽ കുടികൊള്ളുന്ന ദൈവിക ചൈതന്യത്തെ മന്ദീഭവിപ്പിക്കുകയും അവൻ നന്മയെക്കാളുപരി തിന്മയെ സ്നേഹിക്കുകയും ചെയ്യുന്നു. പ്രകാശത്തെക്കാൾ അന്ധകാരത്തെ ഇഷ്ടപ്പെടുന്നു. മരണസംസ്കാരത്തിലേക്ക് കൂപ്പുകുത്തുന്നു. തത്ഫലമായി ഗുരുസ്ഥാനീയരെ അപമാനിക്കാനും ശാരീരികമായി കൈകാര്യം ചെയ്യാനും പോലും മടിക്കുന്നുമില്ല.
ഇത് ഭയാനകമാണ്, പൈശാചികമാണ്. ഈ പ്രവണതകൾക്ക് അറുതിവരുത്താൻ പൊതുസമൂഹം ജാഗ്രത പാലിച്ചേ മതിയാകൂ. മൂല്യ ബോധത്തിലേക്ക് നമുക്ക് തിരിച്ചു വരാം. മനുഷ്യരിലെ മനുഷ്യത്വം നിലനിർത്താൻ നമുക്ക് ഉണർന്നെഴുന്നേക്കാം; അണിചേരാം.
ആന്റണി തോമസ് മലയിൽ