ഇക്കഴിഞ്ഞ ദിവസം ഒരു സർക്കാർ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ചടങ്ങുകളിൽ പ്രാർഥന നടത്തുന്നതിനെതിരേ പരസ്യമായ നിലപാട് പ്രകടിപ്പിച്ചിരുന്നു. സർക്കാർ ചടങ്ങുകൾ മതനിരപേക്ഷമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് മതത്തിന്റെയോ ദൈവത്തിന്റെയോ സാന്നിധ്യം അവിടെ വേണ്ട.
പൊതുവായ സ്റ്റേജുകളിൽ പലപ്പോഴും ചെയ്യുന്നതുപോലെ ഈശ്വരനോട് പൊതുവേയുള്ള പ്രാർഥനയും വേണ്ടെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചത്. ഇത്തരം ചടങ്ങുകളിൽ വിശ്വാസികളും അവിശ്വാസികളും ഉണ്ടാകും എന്നാണ് അദ്ദേഹത്തിന്റെ വാദം. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാനപരമായ കാഴ്ചപ്പാടും ദൈവനിഷേധം എന്നതാണല്ലോ.
പാശ്ചാത്യ മതനിരപേക്ഷത
ഇന്ത്യൻ ഭരണഘടനയുടെ പൊതുസ്വഭാവം ‘മതേതരത്വം' അഥവാ Secularism എന്നതാണ്. ഇന്ത്യൻ ഭരണഘടനയിൽ വിഭാവനം ചെയ്തിരിക്കുന്ന ‘മതേതരത്വം' എന്ന ആശയം പാശ്ചാത്യ ഭരണഘടനകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന രീതിയിലല്ല എന്നു ഭരണഘടനാ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. മനഃസാക്ഷി സ്വാതന്ത്ര്യവും മതം പ്രസംഗിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും മതസ്ഥാപനങ്ങൾ സ്ഥാപിച്ചു ഭരിച്ച് നടത്തിക്കൊണ്ടു പോകാനുള്ള സ്വാതന്ത്ര്യവും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. എല്ലാ മതങ്ങളെയും തുല്യമായി ബഹുമാനിക്കുന്നുവെന്നതാണ് ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത. അതായത്, ഒരു മതവും മറ്റൊന്നിന്റെ മുകളിലോ താഴെയോ അല്ല. എന്നാൽ, ഇതിൽനിന്നു വ്യത്യസ്തമാണ് പാശ്ചാത്യ രാജ്യങ്ങളിലെ ‘മതനിരപേക്ഷ'(Secularization) കാഴ്ചപ്പാട്. ആ കാഴ്ചപ്പാടനുസരിച്ചു മതത്തിനു പൊതുസമൂഹത്തിൽ യാതൊരു സ്ഥാനവുമില്ല. ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളോ ആശയങ്ങളോ പൊതുസമൂഹത്തിൽ അവതരിപ്പിക്കുക എന്നത് ഇത്തരം കാഴ്ചപ്പാടനുസരിച്ചു നിഷിദ്ധമാണ്.
മുഖ്യമന്ത്രിയുടെ ഈ നിലപാടിന് മറുപടിയുമായി കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ അദ്ദേഹം പറഞ്ഞത് നിലവിളക്ക് കത്തിക്കാത്തതിനുതന്നെ തീവ്രവാദിയാക്കിയ സഖാക്കൾക്ക് ഇപ്പോൾ നേരം വെളുത്തല്ലോ എന്നാണ്. അബ്ദുറബ്ബ് മന്ത്രി ആയിരുന്ന അവസരത്തിൽ സർക്കാർ ചടങ്ങുകളിൽ നിലവിളക്ക് കത്തിക്കാത്തതിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അന്ന് ഇടതുപക്ഷം എസ്എഫ്ഐക്കാരെക്കൊണ്ട് തെരുവിൽ സമരം ചെയ്യിച്ച കാര്യവും അബ്ദുറബ്ബ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. അന്നു താൻ ചെയ്ത കാര്യം ശരിയെന്ന് ഇപ്പോൾ മുഖ്യമന്ത്രി അംഗീകരിച്ചല്ലോ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.
നിലവിളക്ക് കത്തിക്കാത്തത്
ഇവിടെ പ്രസക്തമായ ഒരു ചോദ്യമുദിക്കുന്നു. വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോൾ അബ്ദുറബ്ബ് നിലവിളക്ക് കത്തിക്കാത്തത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ വേണ്ടിയായിരുന്നോ? അങ്ങനെയെങ്കിൽ മന്ത്രിയായിരുന്ന അവസരത്തിൽ ഈശ്വരപ്രാർഥനയുടെ സമയത്ത് അദ്ദേഹം എഴുന്നേറ്റു നിൽക്കുമായിരുന്നോ? എഴുന്നേറ്റു നിന്നിട്ടുണ്ടെങ്കിൽ അദ്ദേഹം പറഞ്ഞ ഈ മതനിരപേക്ഷത വെറും നാട്യമാണ്.
കാരണം നിലവിളക്ക് കത്തിക്കുന്നതും ഈശ്വര പ്രാർഥനയുടെ അവസരത്തിൽ എഴുന്നേറ്റു നിൽക്കുന്നതും ഒരുപോലെ വിശ്വാസികൾക്കു പ്രധാനപ്പെട്ടതാണ്. നിലവിളക്ക് കത്തിക്കാത്തതിൽ മതനിരപേക്ഷത കാണുന്നതും ഈശ്വര പ്രാർഥനയുടെ അവസരത്തിൽ എഴുന്നേറ്റു നിൽക്കുന്നതിൽ മതനിരപേക്ഷത കാണാത്തതും ഒരുപോലെ യുക്തിരഹിതമാണ്. മന്ത്രി അബ്ദുറബ്ബ് നിലവിളക്ക് കത്തിക്കാത്തത് അദ്ദേഹത്തിന്റെ ഇസ്ലാംമത വിശ്വാസവുമായി ബന്ധപ്പെട്ടാണെന്നാണ് പൊതുസമൂഹം മനസിലാക്കുന്നത്. കാരണം, അദ്ദേഹം മാത്രമല്ല അന്ന് യുഡിഎഫ് മന്ത്രിസഭയിൽ ഉണ്ടായിരുന്ന മറ്റു പല മുസ്ലിം ലീഗ് മന്ത്രിമാരും പൊതു ചടങ്ങുകളിൽ നിലവിളക്ക് കത്തിക്കുമായിരുന്നില്ല. അത് അവരുടെ മതവിശ്വാസവുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ മതനിരപേക്ഷതയെ ഉയർത്തിക്കാണിക്കാനല്ല അങ്ങനെ ചെയ്തിരുന്നത്.
ഇവിടെ മറ്റൊരു ചോദ്യവും പ്രസക്തമാണ്. മതനിരപേക്ഷതയെ ഉയർത്തിക്കാണിക്കാൻ നിലവിളക്ക് കത്തിക്കാതിരുന്ന മന്ത്രി അബ്ദുറബ്ബ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ ദൈവനാമത്തിലാണോ ദൃഢപ്രതിജ്ഞയായി ആണോ ചെയ്തത്? അദ്ദേഹം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കിൽ അദ്ദേഹം പറയുന്ന മതനിരപേക്ഷത എന്നതു കേവലം പൊള്ളയായ ഒന്നാണ്. മതനിരപേക്ഷത പ്രകടിപ്പിക്കാൻ ദൃഢപ്രതിജ്ഞ ചെയ്യേണ്ട ആവശ്യമില്ല എന്നാണ് ഉത്തരമെങ്കിൽ നിലവിളക്ക് കത്തിക്കാതിരിക്കുന്നതിലൂടെ ആർക്കും മതനിരപേക്ഷ പരിവേഷവും ലഭിക്കുകയില്ല എന്ന വസ്തുതയും ഓർക്കുന്നതു നല്ലതാണ്.
ഫാ. ജോസഫ് കളത്തിൽ, കോഴിക്കോട്