സമീപകാലത്ത് കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്‍ത്തുമൃഗങ്ങള്‍ക്കും ജീവഹാനി സംഭവിക്കുന്നു. വന്‍തോതില്‍ കൃഷിനാശവും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം പരിഹാരം കാണുന്നതിനല്ല, ജീവന് നഷ്ടപ്പെടുന്നവര്‍ക്കു നല്കുന്ന നഷ്ടപരിഹാരത്തിന്റെ വലിപ്പത്തെക്കുറിച്ചാണ് സമൂഹത്തിലെ മുഖ്യ ചര്‍ച്ച. ഇത് പ്രശ്നപരിഹാരത്തിനുള്ള മാര്ഗമാവുന്നില്ല.
രാജ്യപുരോഗതിയുടെ കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം നാം എത്തിക്കൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെടുമ്പോഴും ഇത്തരം പ്രശ്നങ്ങളെ മറ്റു രാജ്യങ്ങള്‍ നേരിടുന്നതെങ്ങനെയെന്ന് മനസിലാക്കാന്‍ നാം ശ്രമിക്കുന്നുപോലുമില്ല.
മറ്റു രാജ്യങ്ങളില്‍ വന്യമൃഗശല്യങ്ങള്‍ എങ്ങനെയാണ് നേരിടുന്നത് എന്നു നാം കണ്ടുപഠിക്കണം. ജനസാന്ദ്രത കൂടുതലുള്ള യൂറോപ്യന്‍ രാജ്യമാണ് ഇംഗ്ലണ്ട്. അവിടെ മൊത്തം ഭൂവിസ്തൃതിയുടെ 45 ശതമാനം വനഭൂമിയാണ്. വനത്തിലെ മൃഗങ്ങളുടെ ഇനം തിരിച്ചുള്ള അംഗസംഖ്യ സര്‍ക്കാരിനറിയാം. ഏതെങ്കിലും മൃഗങ്ങള്‍ കണക്കിലധികം ഉണ്ടായാല്‍ നായാട്ടുനടത്തി അവയെ കൊല്ലുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കും. ഗര്‍ഭിണികളായ മൃഗങ്ങളെയോ പ്രായം തീരെ കുറഞ്ഞവയെയൊ കൊല്ലാന്‍ പാടില്ല.
മൃഗങ്ങളുടെ എണ്ണം കുറഞ്ഞാല്‍ നായാട്ട് നിരോധിക്കും. ഇത്തരത്തില്‍ വനവിസ്തൃതിക്കനുസരണമായി മൃഗങ്ങളുടെ എണ്ണം കുറഞ്ഞാല്‍ അവ പുറത്തേക്കു പോകുന്നില്ല. എന്നിട്ടും മൃഗങ്ങള്‍ പുറത്തേക്കു വന്നാല്‍ വനാതിര്‍ത്തികളില്‍ അവയെ തടഞ്ഞു നിര്‍ത്താന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കും. ഇക്കാരണങ്ങളാല്‍ വന്യമൃഗങ്ങള്‍ ജീവനും കൃഷിക്കും നാശമുണ്ടാക്കുന്നില്ല. നായാട്ടു നടക്കുമ്പോഴാകട്ടെ ലഭിക്കുന്ന മൃഗങ്ങളുടെ മാംസം വിപണിയില്‍ വിറ്റഴിക്കാനും സാധിക്കും.
ഓസ്ട്രേലിയയ്ക്ക് ഇന്ത്യയുടെ ഇരട്ടി ഭൂവിസ്തൃതിയുണ്ട്. ജനസംഖ്യ മൊത്തം രണ്ടരക്കോടി മാത്രം. ഈ രാജ്യത്തെ ദേശീയ മൃഗം കങ്കാരുവാണ്. വനത്തിലെ മൃഗങ്ങള്‍ കണക്കറ്റു പെറ്റുപെരുകുമ്പോള്‍ അവിടെയും മൃഗങ്ങളെ കൊല്ലുന്നതിന് അനുമതിയുണ്ട്.
കങ്കാരു ഉള്‍പ്പെടെ ഏതു മൃഗമായാലും കണക്കറ്റ് പെറ്റുപെരുകിയാല്‍ കൊല്ലാന്‍ അനുമതി നല്‍കും. നിബന്ധനകള്‍ പാലിക്കണമെന്നുമാത്രം. ഈ രാജ്യത്തു കാട്ടുമൃഗങ്ങളെക്കൊണ്ടുള്ള ശല്യം നാട്ടുകാര്‍ക്കില്ല. വനവിസ്തൃതിക്കനുസരിച്ചുള്ള മൃഗങ്ങള്‍ മാത്രമേ വനത്തിലുള്ളൂവെങ്കില് നായാട്ടനുവദിക്കുന്ന പ്രശ്നമില്ല. അംഗസംഖ്യ വര്‍ധിച്ച മൃഗങ്ങളെ കൊന്ന് അംഗസംഖ്യ ക്രമീകരിച്ചും വനാതിര്‍ത്തികള്‍ ഭദ്രമാക്കിയും വന്യമൃഗങ്ങളുടെ ശല്യം പൂര്‍ണമായി ഇല്ലാതാക്കണം. മനുഷ്യര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും കൃഷിക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണം. വന്യമൃഗങ്ങള്‍ പെരുകാന്‍ യഥേഷ്ടം അനുവദിച്ച് മനുഷ്യരെ അങ്കലാപ്പിലാക്കാനുള്ള ശ്രമം അവസാനിപ്പിച്ചേ മതിയാവൂ.
ജോസ് കടമ്പനാട്ട്
(കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ അംഗം)