അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺസായി പരിഗണിക്കപ്പെടുന്നു. ഇത്തരം മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനായി 2007ൽ കേന്ദ്ര സർക്കാർ ഒരു പ്രത്യേക നിയമം തന്നെ നിർമിച്ചിട്ടുണ്ട്. എങ്കിലും മുതിർന്ന പൗരന്മാരും ശാരീരിക ക്ഷമത കുറഞ്ഞവരും നിത്യജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ അനവധിയാണ്.
സർക്കാർ ഓഫീസുകളിൽ ചെന്നാൽ നിരവധി കൽപ്പടവുകൾ കയറിവേണം മുതിർന്ന ഉദ്യോഗസ്ഥരെ നേരിട്ടു കാണേണ്ടത്. വീൽചെയറിലാണ് സഞ്ചാരമെങ്കിൽ ഓഫീസിന്റെ മുറ്റത്തുതന്നെ നിൽക്കുകയല്ലാതെ പടിക്കെട്ടുകൾ കടന്ന് ഉള്ളിൽ പ്രവേശിക്കുവാൻ കഴിയാതെ വന്നേക്കാം.
മുതിർന്ന പൗരന്മാർക്ക് അക്ഷയകേന്ദ്രങ്ങളിലും മറ്റും പോയി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുവാനും ബില്ലുകൾ അടയ്ക്കുവാനും മറ്റും പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. സർക്കാർ ഓഫീസുകളിൽ മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങളിലും ഒരിടത്തുംതന്നെ മുതിർന്ന പൗരന്മാർക്ക് മുൻഗണന ലഭിക്കാറില്ലല്ലോ.
ഇപ്പോൾ നാട്ടിലെങ്ങും വലിയ "സൂപ്പർ' മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും പ്രവർത്തിക്കുന്നുണ്ട്. അവിടെയും മുതിർന്ന പൗരന്മാർ വിഷമതകൾ നേരിടുന്നുണ്ട്. ക്ഷീണമോ തളർച്ചയോ ഉണ്ടായാൽ, അഞ്ചു മിനിറ്റ് നേരം ഇരുന്ന് വിശ്രമിക്കാൻ തക്കവിധം ഒരൊറ്റ കസേരയും അവിടെ ഉണ്ടാകില്ല.
സ്റ്റാഫിൽപെട്ട ആരെങ്കിലും മോശമായോ അലക്ഷ്യമായോ പെരുമാറുന്ന സാഹചര്യം ഉണ്ടായാൽ ആരോടാണ് പരാതി പറയുക. മാനേജർമാരെയും സൂപ്പർവൈസർമാരെയും അവിടെയെങ്ങും കണ്ടുകിട്ടുകയില്ല. അവരൊക്കെ അദൃശ്യരായി ഏതെങ്കിലും കണ്ണാടിക്കൂട്ടിനുള്ളിൽ ഇരിക്കുന്നുണ്ടാവണം കസ്റ്റമേഴ്സിന് എളുപ്പം കണ്ടുപിടിക്കാനാവാത്തവിധം.
"പ്രായമായാൽ പത്രം വായിച്ചും നാമംജപിച്ചും വീട്ടിനുള്ളിൽ എവിടെയെങ്കിലും ഇരുന്നോണം. പൊതുസ്ഥലങ്ങളിലേക്കൊന്നും കടന്നു വരേണ്ടതില്ല’ എന്ന ചിന്താഗതി പൊതുസമൂഹത്തിൽനിന്നു മാറേണ്ടിയിരിക്കുന്നു. ടെലിവിഷൻ ചാനലുകളിൽ നിത്യേന അരങ്ങേറുന്ന "കോമഡി' പരിപാടികളിൽനിന്ന് ഇത്തരം സംഭാഷണങ്ങളും ഒഴിവാക്കേണ്ടതാണ്. ഒരു തലമുറയ്ക്ക് മുന്പ് രാജ്യത്തിനുവേണ്ടിയും കുടുംബത്തിനുവേണ്ടിയും അധ്വാനിച്ചു തളർന്നവരാണ് ഇന്നത്തെ "മുതിർന്ന പൗരന്മാർ' എന്നുള്ള പരിഗണന ഇവർക്ക് നല്കേണ്ടതല്ലേ?
ഡോ. സിബി മാത്യൂസ്