ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതു ഭൂഖണ്ഡത്തിലാണ് കേരളത്തിന്റെ സ്ഥാനം? വനപാലകർ എന്ന പേരിൽ ലക്ഷങ്ങൾ ശന്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ജോലി എന്താണ്? വന്യജീവികളുടെ സംരക്ഷണം എന്ന ഒറ്റ ചുമതലയല്ലാതെ മനുഷ്യജീവികളെ വന്യമൃഗങ്ങളിൽനിന്നു സംരക്ഷിക്കേണ്ട ഉത്തരവാദിത്വമൊന്നും ഇക്കൂട്ടർക്കില്ലേ?
വയനാട്ടിൽ ഒരു പാവപ്പെട്ട മനുഷ്യജീവിതം അദ്ദേഹത്തിന്റെ വീടിനു സമീപത്തുവച്ചുതന്നെ കാട്ടാന ആക്രമിക്കുന്നതും ചവിട്ടിക്കൊല്ലുന്നതും കണ്ടിട്ടും ടിവി ചർച്ചയിൽ ഒരു സ്ത്രീ പറയുന്നതു കേട്ട് ഞെട്ടിപ്പോയി. വന്യജീവികളെ പ്രകോപിപ്പിച്ചിട്ടാണത്രെ അവ മനുഷ്യനെ ആക്രമിക്കുന്നതെന്ന്. വനത്തിനു സമീപം കപ്പയും കരിന്പുമൊക്കെ കൃഷി ചെയ്തിട്ടാണ് വന്യമൃഗങ്ങൾ കാടിറങ്ങുന്നതെന്ന്. ശീതീകരിച്ച നഗരവസതികളിലിരുന്ന് വന്യമൃഗസംരക്ഷണം നടത്തുന്നവർക്കും മൃഗസ്നേഹികൾക്കും മനുഷ്യൻ എന്ന ജീവിക്ക് ജീവിക്കാനും ജീവനോപാധികൾ തേടാനും അവകാശമുണ്ടെന്നൊരു ചിന്തയേയില്ല.
ജീവിക്കാൻ നിവൃത്തിയില്ലാതെ വനമേഖലയോട് ചേർന്നുകിടക്കുന്ന കൃഷിഭൂമിപോലും ഉപേക്ഷിച്ച് മനുഷ്യർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്ന കാഴ്ച നാമിന്നു കാണുന്നു. ക്രമേണ അവിടങ്ങളിലേക്കും വനവിസ്തൃതി വ്യാപിക്കുന്നു. അതായത്, വന്യമൃഗങ്ങളുടെ വിഹാരമേഖലയും കൂടുതൽ വിസ്തൃതമാക്കുന്നു. അപകടം അതു മാത്രമല്ല, ആരും നിയന്ത്രിക്കാനില്ലാതെ മനുഷ്യർക്ക് സ്വയം പ്രതിരോധം തീർക്കാൻ നിയമപരമായി അനുമതിയില്ലാതെ, വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയുമാണ്. വനവിസ്തൃതി കൂടിയിട്ടുപോലും അതിനുൾക്കൊള്ളാൻ പറ്റാത്ത തോതിൽ മൃഗങ്ങളുടെ എണ്ണം പെരുകുന്നു.
കാട്ടാനകൾ നാട്ടിലിറങ്ങി വാഴയും തെങ്ങും മറ്റു വിളകളും തിന്നും ചവിട്ടിമെതിച്ചും നശിപ്പിക്കുക മാത്രമല്ല, വീടുകളും കടകളും അടിച്ചുതകർത്ത് അതിലുള്ള വസ്തുക്കളും തിന്നുന്നു. ഇതെല്ലാം നിസാരമായി നോക്കിനിന്ന് നെടുവീർപ്പിടേണ്ട ഗതികേടിൽ മനുഷ്യജീവികളും. മയിലുകളും കുരങ്ങുകളും കൂട്ടത്തോടെ വന്നിറങ്ങി കപ്പയും കാച്ചിലും തെങ്ങും തേങ്ങയും കരിക്കും ഒക്കെ നശിപ്പിക്കുന്നു. വളർത്തുമൃങ്ങളെ അവയുടെ കൂടു തകർത്ത് കൊന്നുതിന്നാൻ കടുവയും പുലിയും കരടിയും. മനുഷ്യർക്ക് സ്വയം പ്രതിരേധിക്കാൻ ഒരു മാർഗവുമില്ലാത്ത ഗതികേട്. വിഷപ്പാന്പിനെപ്പോലും കൊന്നാൽ മനുഷ്യൻ അഴിക്കുള്ളിലാകുന്ന അവസ്ഥാവിശേഷം.
അതേസമയം, വിദേശരാജ്യങ്ങളിലൊക്കെ സ്ഥിതി എത്ര വ്യത്യസ്തമാണ്! പല അമേരിക്കൻ സംസ്ഥാനങ്ങളിലും (ഉദാഹണം: മെയ്ൻ, ന്യൂഹാംപ്ഷൻ, വെർമോണ്ട്) വന്യജീവിപ്പെരുപ്പം നിയന്ത്രിക്കാൻ കൃത്യമായ മാനദണ്ഡങ്ങളോടെ നടപടികൾ സ്വീകരിക്കാറുണ്ട്. മൂസ് എന്ന കാട്ടുമൃഗങ്ങളും മാനും നിയന്ത്രണാതീതമായി പെരുകുന്ന സമയങ്ങളിൽ മൂസ് ഹണ്ടിംഗിനും ഡിയർ ഹണ്ടിംഗിനും പെർമിറ്റ് നൽകാറുണ്ട്. ഇതുകൊണ്ടുദ്ദേശിക്കുന്നത് കാട്ടുമൃഗങ്ങളുടെ എണ്ണം ഒരു നിശ്ചിത തോതിൽ പിടിച്ചുനിർത്തുക എന്നതാണ്. ഒരു കാലത്ത് ഓസ്ട്രേലിയയിൽ മുയലുകളും ഒരു പരിധിയില്ലാതെ പെരുകിയപ്പോൾ ഇഷ്ടംപോലെ അവയെ വേട്ടയാടാൻ മനുഷ്യരെ അനുവദിച്ചിരുന്നു. വിദേശങ്ങളിലേക്ക് വിനോദയാത്ര പോകുന്ന നമ്മുടെ ഭരണാധികാരികൾ ഇതൊക്കെയൊന്നു കണ്ട് മനസിലാക്കി പോന്നാൽ നന്നായിരിക്കും.!
വന്യമൃഗങ്ങൾ വനത്തിൽ സുരക്ഷിതരായി ജീവിക്കട്ടെ. വനം വിട്ട് ജനവാസമേഖലകളിലേക്ക് അവ കടന്നുവരാതെ നോക്കാനുള്ള ഉത്തരവാദിത്വം വനപാലകർക്കുണ്ടായിരിക്കണം. അതിനുവേണ്ടി വനാതിർത്തികളിൽ കിടങ്ങുകളോ വൈദ്യുതി വേലികളോ നിർമിക്കട്ടെ. ഇതൊക്കെ നശിപ്പിച്ച് കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യജീവിതം ദുഃസഹമാക്കിയാൽ അവയെ വെടിവച്ച് കൊല്ലുകതന്നെ വേണം. മാത്രമല്ല, പാശ്ചാത്യരജങ്ങളിൽ ചെയ്യുന്നതുപോലെ കണക്കറ്റു പെരുകുന്നവയുടെ എണ്ണം നിയന്ത്രിക്കാൻ ഒരു പരിധിവരെ നായാട്ടും അനുവദിക്കണം.
അടുത്തനാളുകളിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട വയനാട്ടിലെ അജീഷിനും പോളിനും മൂന്നാറിലെ മണികണ്ഠനും കണ്ണീർ പ്രണാമം. 2016 മുതൽ ഇന്നലെ വരെ വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട 910 നിർഭാഗ്യരുടെ സ്വന്തക്കാരുടെ കണ്ണനീർ ഭരണത്തിലിരിക്കുന്നവരുടെ കണ്ണു തുറപ്പിക്കുമോ? നിയമങ്ങൾ കാലോചിതമായി മാറട്ടെ. മനുഷ്യജീവന് മൃഗങ്ങളുടെ ജീവന്റെയത്രയെങ്കിലും വില കല്പിക്കുന്ന ഒരു സംസ്കാരം ഉടലെടുക്കട്ടെ.
കൊച്ചുത്രേസ്യാമ്മ മുറികല്ലേൽ, പാലാ