‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ടികൾക്ക് കല്യാണം ഒരാവശ്യമാണെന്നു തോന്നാത്ത അവസ്ഥയിൽ എത്തിക്കുന്നത് അവർക്കു ലഭിച്ച വിദ്യാഭ്യാസമല്ല; അവളുടെ മുൻ തലമുറയുടെ അനുഭവങ്ങളാണ്.
അന്പതോ, അറുപതോ വർഷം മുന്പ് നല്ലനിലയിൽ ജോലി കിട്ടുകയും വളരെ ശുഷ്കാന്തിയോടെ കുടുംബജീവിതം തുടങ്ങുകയും ചെയ്ത പലരുടെയും ജീവിത കഥ എനിക്കറിയാം. ശന്പളം പായ്ക്കറ്റോടെ ഭർത്താവിനെ ഏല്പിക്കണം. 10 രൂപ സ്വന്തം ഇഷ്ടത്തിന് ചെലവാക്കിയാൽ അത് അഹങ്കാരമായി മാറും. “ജോലിയുള്ള പെണ്ണുങ്ങളെ ഭയമാണ്” എന്ന കമന്റ് രാവിലെയും വൈകുന്നേരവും കേൾക്കണം. ഏതെങ്കിലും ‘പുരാതന’ കുടുംബത്തിലെ അംഗമാണെങ്കിൽ തങ്ങളുടെ “കുടുംബത്തിലെ പെണ്ണുങ്ങളാരും ജോലിക്കു പോയിട്ടില്ല” എന്ന പല്ലവി കേട്ടു മനസു മടുക്കണം.
ജീവിച്ചുതുടങ്ങിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എഴുതിയാൽ തീരുകയില്ല. വെളുപ്പിനെ എണീറ്റ് ഭക്ഷണം തയാറാക്കണം, ഭർത്താവിനെയും കുട്ടികളെയും ഭക്ഷണം കഴിപ്പിക്കണം. ഇതിലൊന്നും പുരുഷന്മാരുടെ സഹായം പ്രതീക്ഷിക്കേണ്ട. രണ്ടുമിനിറ്റുകൊണ്ട് കുളിച്ച് വസ്ത്രം മാറി ബസ്സ്റ്റോപ്പിലേക്ക് ഓടണം. പലപ്പോഴും ബസ് പോയിരിക്കും. മിക്കപ്പോഴും ജോലിക്കിടയ്ക്കായിരിക്കും അല്പം വിശ്രമം കിട്ടുന്നത്. വൈകുന്നേരം വീട്ടിലേക്കു വരുന്നവഴി സാധനങ്ങൾ വാങ്ങി രാത്രിഭക്ഷണം തയാറാക്കണം.
മക്കളുടെ പഠിത്തം, വസ്ത്രമലക്ക്, തേപ്പ് ഇതെല്ലാം ചെയ്യണമെങ്കിൽ ഉദ്യോഗസ്ഥയായ ഭാര്യതന്നെ വേണം. ഇതൊന്നും ഭർത്താക്കന്മാരുടെ ഉത്തരവാദിത്വമല്ല. അവർ വൻകാര്യങ്ങൾ ചർച്ചചെയ്യുന്നു. ചർച്ചകളിൽ പങ്കെടുക്കുന്നു. എത്ര അറിവുണ്ടെങ്കിലും അഭിപ്രായമുണ്ടെങ്കിലും അതൊക്കെ മനസിൽ വച്ചാൽ മതി. മിതഭാഷിയായ, മൃദുലസ്വരത്തിൽ സംസാരിക്കുന്ന ഒരു മാലാഖയാണ് അവന്റെ ആദർശഭാര്യ. ഇനി ശ്വാസം മുട്ടുന്പോൾ ഏതെങ്കിലും അഭിപ്രായങ്ങൾ പറഞ്ഞാൽ അടുത്ത കമന്റ് വരും, “ആളല്പം കട്ടിയാണ്, സംസാരിക്കുന്നതു സൂക്ഷിച്ചുവേണം”.
ഇങ്ങനെ ഒരു വിവരവും ഇല്ലാത്ത, ഒന്നിലും താത്പര്യമില്ലാത്ത, ഒട്ടും മോഡേൺ അല്ലാത്ത ഉദ്യോഗസ്ഥകളായ അമ്മമാർ പലതും സഹിച്ചതുകൊണ്ട് ‘കുടുംബത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെട്ടില്ല’. അമ്മമാരുടെ മനസുകണ്ട മക്കളുണ്ടെങ്കിൽ അവർ ഭാഗ്യവതികൾ. ജീവിതാന്ത്യത്തിലെങ്കിലും അല്പം ആശ്വാസം കിട്ടും.
എഴുതി ബോറടിപ്പിക്കുന്നില്ല. നമ്മുടെ കുടുംബങ്ങളുടെ അവസ്ഥയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ ആരെങ്കിലും മെനക്കെടുന്നുണ്ടോ?
വിദ്യാഭ്യാസത്തിലും ജോലിയിലും മുൻപന്തിയിലെത്തുന്ന കേരളസ്ത്രീകൾ സാമൂഹികമായി പിന്നാക്കം പോകുന്നുവെന്നത് ഉത്തരേന്ത്യൻ ബുദ്ധിജീവികളുടെ പ്രിയപ്പെട്ട പഠനവിഷയമാണ്. ഈ പ്രഹേളികയ്ക്കൊരു ഉത്തരമുണ്ടാകണമെങ്കിൽ ഇവിടത്തെ കുടുംബങ്ങൾ മാറണം.
ഉയർന്ന നിലയിലെത്തിയ പല പെൺകുട്ടികളും ഒരു മുറിയുള്ള വീടും ഓൺലൈൻ ഭക്ഷണവും കുട്ടിക്കു പകരം പട്ടിയുമായി ഒതുങ്ങുന്നത്, ഉത്തരവാദിത്വങ്ങളെ ഭയന്നാണ്. തുല്യപങ്കാളിത്തം ഉണ്ടാകുമെന്ന അവസ്ഥയിൽ അവർ വിവാഹം കഴിക്കുകയും കുട്ടികളെ പ്രസവിക്കുകയും വളർത്തുകയും ചെയ്യും. പഴയ തലമുറയിലുള്ളവർ ഒതുങ്ങിയതുപോലെ ഇനിയുള്ളവർ സഹിക്കുകയില്ല. അതുകൊണ്ട്, നമ്മുടെ ആൺമക്കളെയും പെൺമക്കളെയും കുടുംബങ്ങൾ ഉണ്ടാക്കാനുള്ള തയാറെടുപ്പുകൂടി കൊടുത്ത് വളർത്താം. ഇനി കുടുംബങ്ങളിൽ വിശ്വാസമില്ലാത്തവർ അതിനു മുതിരാതിരിക്കട്ടെ.
സോഫി