ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യവുമല്ല. രാജ്യം സ്പോൺസർ ചെയ്യുന്ന ഒരു മതവുമില്ല. പൗരന്മാർക്ക് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം, ഒരു മതത്തിലും വിശ്വസിക്കാതെയുമിരിക്കാം. അത് അവരുടെ തീരുമാനം. രാജ്യം ഭരിക്കുന്നവർക്ക് ഒരു മതത്തിനോടും പ്രത്യേകം മമതയോ എതിർപ്പോ ഉണ്ടാകാൻ പാടില്ല.
എന്നാൽ, മതവികാരങ്ങളെ വോട്ടാക്കി മാറ്റാം എന്ന സ്ഥിതിയിലേക്കാണ് പിന്നീട് കാര്യങ്ങൾ നീങ്ങിയത്. ഈ രാജ്യത്ത് ജനങ്ങൾക്ക് മതവിശ്വാസം, മതാനുഷ്ഠാനങ്ങൾ എന്നിവ ആത്മാവിൽതന്നെ വേരോടിയിട്ടുള്ള കാര്യങ്ങളാണ്. അതേസമയം ഒരു മതാധിഷ്ഠിത രാജ്യത്തിലെപ്പോലെ ഇതൊന്നും അടിച്ചേൽപ്പിക്കപ്പെടാവുന്നതുമല്ല. നമുക്കറിയാം, ചില രാജ്യങ്ങളിൽ പുരുഷന്മാർ കളിക്കുന്ന ഫുട്ബോൾ പോലുള്ള മത്സരങ്ങൾ കാണാൻ സ്ത്രീകൾക്ക് അനുവാദമില്ല. വാഹനമോടിക്കാൻ സ്വാതന്ത്ര്യമില്ല, മതനേതാക്കൾ നിർദേശിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചില്ലെങ്കിൽ തടവിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം. നമ്മുടെ രാജ്യത്തെ വ്യക്തിസ്വാതന്ത്ര്യം എത്ര മനോഹരമാണ്. മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം കാലം ആർക്കും എവിടെ വേണമെങ്കിലും സഞ്ചരിക്കാം, ഏതു വേഷവും ധരിക്കാം, ഏതു ജോലിയും ചെയ്യാം, ഏതു ഭക്ഷണവും കഴിക്കാം.
പക്ഷേ മതത്തോടുള്ള ബഹുഭൂരിപക്ഷത്തിന്റെയും അഭിനിവേശം അല്ലെങ്കിൽ ആത്മബന്ധം രാഷ്ട്രീയമായി ഉപയോഗിക്കാം എന്നു തിരിച്ചറിഞ്ഞത് ഇപ്പോഴത്തെ കേന്ദ്ര ഭരണാധികാരികളാണ്. വോട്ട് ബാങ്കിലേക്ക് കാര്യമായ സംഭാവന ചെയ്യാൻ പറ്റുന്ന ഒരു മതവിഭാഗമാണെങ്കിൽ അവരെ കൈയിലെടുക്കാൻ എളുപ്പമാണെന്ന് ഇക്കൂട്ടർ മനസിലാക്കി. ഇങ്ങനെയുള്ള മതവിഭാഗക്കാരുടെ ആചാര്യന്മാരുടെ പ്രതിമകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ നിർമിച്ചുകൊടുക്കുന്നത് അവരെ കൈയിലെടുക്കാനുള്ള എളുപ്പവഴിയായി രാഷ്ട്രീയക്കാർ കാണുന്നു.
അയോധ്യാ രാമക്ഷേത്രത്തിന്റെ കാര്യമെടുക്കാം. രണ്ടു വർഷം മുന്പ് അതിനു തറക്കല്ലിട്ടത് പ്രധാനമന്ത്രി മോദി. ഇക്കഴിഞ്ഞ 22ന് നിർമാണം പൂർത്തിയായിട്ടുപോലുമില്ലാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയതും മോദി. ഭാരതത്തിന് അഭിമാനമായി അങ്ങനെയൊരു ക്ഷേത്രം നിർമിക്കാം, ഒരു തെറ്റുമില്ലതിൽ.
പക്ഷേ അതിന്റെ തറക്കല്ലിടലോ ഉദ്ഘാടനമോ നടത്തേണ്ടത് ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല; ഹൈന്ദവ മതത്തിലെ സംപൂജ്യരായ ആചാര്യന്മാരാണ്. അടുത്തുവരുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പണി പൂർത്തിയാകാത്ത ഒരു ക്ഷേത്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് എന്നതിൽ വല്ല സംശയവുമുണ്ടോ? ഇന്ത്യൻ ജനതയിൽ ഭൂരിപക്ഷവും ഹൈന്ദവരാണ് എന്നതുകൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രി ഹൈന്ദവരുടെ മാത്രം പ്രധാനമന്ത്രിയല്ല, എല്ലാ മതക്കാരുടെയും എല്ലാ ഇന്ത്യക്കാരുടെയുമാണ്. പക്ഷേ അയോധ്യാ സംഭവത്തിൽ പ്രധാനമന്ത്രി ഹൈന്ദവരുടേതു മാത്രമായി ചുരുങ്ങുകയാണ്. ഒരു രാജ്യത്തിന്റെ ഭരണാധികാരി അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടിയുടെ മാത്രം ഭരണകർത്താവല്ല, ആ രാജ്യത്തെ ഓരോ പൗരന്റെയുംകൂടിയാണ്.
അത്യന്തം പരിതാപകരമായ മറ്റൊരു വിഷയംകൂടി സൂചിപ്പിക്കാതെ വയ്യ. ഈ രാജ്യത്തെ ഒരു ചെറുസംസ്ഥാനമായ മണിപ്പുരിൽ വംശഹത്യക്കു സമാനമായ നരഹത്യകൾ നടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കൊല്ലപ്പെടുന്നത് മിക്കവാറും ക്രിസ്ത്യാനികൾ. കേന്ദ്രത്തിലെ ഒരു നേതാവും ഇന്നേവരെ അവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കാരണം, വംശഹത്യക്കിരയാകുന്നത് ഒരു നിസാര ന്യൂനപക്ഷമാണ്. അവരിൽ കുറെയെണ്ണം ഇല്ലെന്നായാലും അതു വോട്ടുബാങ്കിനെ ബാധിക്കുകയില്ലല്ലോ.
ജോ മുറികല്ലേൽ പാലാ