പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നെൽവയലുകളും തണ്ണിർത്തടങ്ങളും സംരക്ഷിച്ച് അവയെ പരിവർത്തനപ്പെടുത്തി രൂപാന്തരപ്പെടുത്തുന്നതിനും നീയന്ത്രിക്കുന്നതിനുമായി 2008ൽ കേരള നെൽവയൽതണ്ണീർത്തട സംരക്ഷണ നിയമം പാസാക്കിയത്. 2018ലെ 29ാം ഭേദഗതിയിലൂടെ ഇതിൽ ചില പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്തു. ഈ നിയമം കേരളത്തിന്റെ ഭൂവിനിയോഗത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
ദശാബ്ദങ്ങളായി കരഭൂമിയാക്കപ്പെട്ടിരുന്നതും എന്നാൽ റവന്യു രേഖകളിൽ നെൽവയൽ, തണ്ണീർത്തടം എന്ന് രേഖപ്പെടുത്തപ്പെട്ടിരുന്നതുമൂലം നിർമാണം സാധ്യമാകാതിരുന്നതും, നിലവിലുണ്ടായിരുന്ന നിർമാണങ്ങൾ പുതുക്കി കെട്ടിടങ്ങൾക്ക് നമ്പർ ലഭിക്കാതെവന്നവർക്കും ഈ നിയമനിർമാണം വലിയ ആശ്വാസമായിരുന്നു.
തരംമാറ്റം എങ്ങനെ?
റവന്യു രേഖകളിൽ നെൽവയൽതണ്ണീർത്തടം എന്ന് ഉൾപ്പെട്ടിരിക്കുന്ന ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ വ്യവസ്ഥകൾക്കു വിധേയമായി വിസ്തൃതിയുടെ അടിസ്ഥാനത്തിൽ നിശ്ചിത നിരക്കിലുള്ള ഫീസ് അടച്ച് തരം മാറ്റാം . 2008 മുൻപ് നികത്തപ്പെട്ട ഭൂമിയാണെങ്കിൽ ആദ്യം ഡാറ്റാ ബാങ്കിൽനിന്ന് ഒഴിവാക്കുകയും തുടർന്ന് നിശ്ചിത ഫീസ് അടച്ച് തരം മാറ്റാം.
2018ലെ ഭേദഗതി ചട്ടങ്ങൾ പ്രകാരം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയാണെങ്കിൽ അവ 2008നു മുൻപ് നികത്തപ്പെട്ടതെങ്കിൽ ഉള്ളടക്കങ്ങൾ തിരുത്താൻ നെൽവയലുകളെങ്കിൽ കൃഷി ഓഫിസറുടെയും തണ്ണീർത്തടമെങ്കിൽ വില്ലേജ് ഓഫിസറുടെയും റിപ്പോർട്ടാണ് പ്രധാനമായും പരിഗണിക്കുന്നത്. ചില അവസരങ്ങളിൽ ഉപഗ്രഹ ചിത്രത്തിന്റെ സഹായവും തേടാറുണ്ട്. 2008 ഓഗസ്റ്റ് 12ന് മുൻപ് വരെ അനധികൃതമായി നികത്തപ്പെട്ട നിലങ്ങളും തണ്ണീർത്തടങ്ങളും നിശ്ചിത ഫീസ് അടച്ച്, സ്വഭാവവ്യതിയാനം വരുത്തിയ ഭൂമിയാക്കി മാറ്റാൻ ഇതുമൂലം ഭൂമാഫിയയ്ക്ക് സാധിച്ചു. അങ്ങനെ ഏക്കറുകണക്കിന് നിലവും തണ്ണീർത്തടവും തരം മാറ്റി വലിയ കെട്ടിടങ്ങൾ പണിയുന്നുണ്ട്.
സൗജന്യം ആർക്കൊക്കെ?
2017 ഡിസംബർ 30ന് കൈവശക്കാരന്റെ പേരിൽ 25 സെന്റിൽ കൂടാതെയുള്ള ഭൂമിക്കു മാത്രമേ സൗജന്യ തരംമാറ്റം അനുവദിക്കൂ. 25 സെന്റ് മുതൽ ഒരേക്കർ വരെ ന്യായവിലയുടെ 10 ശതമാനവും ഒരേക്കറിന് മുകളിൽ ന്യായവിലയുടെ 20 ശതമാനവുമാണ് ഫീസ്. എന്നാൽ 1967 ജൂലൈ നാലിന് മുൻപ് നികർത്തപ്പെട്ട ഭൂമിക്ക് ഫീസ് ഇല്ലാതെതന്നെ തരംമാറ്റം നല്കും. ഇതിനാവശ്യമായ രേഖകൾ സമർപ്പിക്കണം.
ദുർവിനിയോഗിക്കപ്പെടുന്ന സൗജന്യം
ഒരു കുടുംബത്തിൽ എത്ര അംഗങ്ങൾ ഉണ്ടെങ്കിലും വ്യവസ്ഥകൾ അനുകൂലമെങ്കിൽ ഓരോരുത്തർക്കും 25 സെന്റിൽ അധികരിക്കാതെയുള്ള സൗജന്യ തരംമാറ്റം അനുവദിക്കും. അതുപോലെ തന്നെ ഒരാളുടെ പേരിൽ എത്ര കരഭൂമി ഉണ്ടെന്ന് പരിഗണിക്കാതെ തന്നെ നിലം 25 സെന്റിൽ താഴെയാണെങ്കിലും സൗജന്യ തരംമാറ്റം അനുവദിക്കും. എന്നാൽ, മറ്റു ഭൂമിയൊന്നും ഇല്ലാത്ത ഒരാൾക്ക് 26 സെന്റോ അതിലധികമോ നിലം കൈവശമുണ്ടെങ്കിൽ സൗജന്യ തരം മാറ്റത്തിന് അർഹതയില്ല. സാധാരണക്കാരന് ഈ നിയമം സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയാണ്. കൂടുതൽ പുരയിട ഭൂമിയുള്ളവരിലും 25 സെന്റ്വരെ നെൽവയൽ നികത്തിയവരുണ്ട്. ഒരേ കുടുംബത്തിൽ തന്നെ 25 സെന്റിൽ കൂടാതെ ഓരോരുത്തരുടെയും പേരിലും കൈവശത്തിലുമുള്ളതിന് സൗജന്യ തരംമാറ്റം ലഭിക്കുന്നതുവഴി സർക്കാരിന് നഷ്ടമുണ്ടാകുന്നു.
വീട് വയ്ക്കാൻ അനുവാദം വാങ്ങിയവർക്ക് സൗജന്യ തരംമാറ്റമില്ല
നിയമാനുസൃതം നിലംനികത്തുന്നതിന് അനുവാദം വാങ്ങിയവരുടെ ഭൂമി തരം മാറ്റണമെങ്കിൽ ഭൂമിയുടെ ന്യായവിലയുടെ 25 ശതമാനം അടയ്ക്കണം. അങ്ങനെ വരുമ്പോൾ അനധികൃത നികത്തുകാർക്കുവേണ്ടി രൂപപ്പെടുത്തിയ ഒന്നാണ് ഈ നിയമം എന്ന് പൊതുസമൂഹം തെറ്റിദ്ധരിക്കുന്നു. വീട് വയ്ക്കുന്നതിനായി നഗരസഭാ പരിധിയിൽ അഞ്ച് സെന്റിനും ഗ്രാമപഞ്ചായത്ത് പരിധിയിൽ 10 സെന്റിനും അനുമതി നല്കിയിരുന്നു. അങ്ങനെ വീട് വയ്ക്കുന്നതിന് അനുമതി നല്കുന്ന, നിയമപരമായി നികത്തപ്പെടുന്ന ഭൂമി തരംമാറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താതിരിക്കുന്നത് അനീതിയാണ്. മറ്റ് ഭൂമി ഒന്നും കൈവശമില്ലാത്ത സാധാരണക്കാരൻ അനുമതി വാങ്ങി നികത്തിയ ഭൂമിയിൽ വീടിനോടു ചേർന്ന് ഒരു കടമുറിയോ തട്ടുകട പോലുമോ നിർമിക്കാനാവാതെ കഷ്ടപ്പെടുമ്പോൾ, നിയമം കാറ്റിൽപറത്തി അനധികൃതമായി ഏക്കറുകണക്കിന് നിലം നികത്തിയവർക്ക് ഒത്താശ ചെയ്യുന്ന ഒന്നാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം. അവിടെ അവർക്ക് തുച്ഛമായ ഫീസ് അടച്ച് വലിയ കെട്ടിടങ്ങൾ പണിയാമെന്നതാണ് സ്ഥിതി
മാറ്റം വരേണ്ടത്
* ഭൂമി തരംമാറ്റത്തിലെ സൗജന്യത്തിന് വ്യവസ്ഥകൾ കൊണ്ടുവരുക. നിലവിലിരിക്കുന്ന വ്യവസ്ഥകളിൽ മാറ്റം വരുത്തുക. സൗജന്യത്തിന്റെ മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുക.
* സൗജന്യ പതിവിന് വസ്തു ഉടമയുടെ പേരിലുള്ള ആകെ ഭൂമി കണക്കാക്കുക.
* 2018ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം പ്രാബല്യത്തിൽ വന്നതിനു മുമ്പ് കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം വീട് വയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കും നിയമപരമായി അനുമതി വാങ്ങിയത് സംബന്ധിച്ച് ഉത്തരവുകൾ ഹാജരാക്കുന്നവർക്ക് സൗജന്യമാക്കുക.
* 2018 ലെ ഭേദഗതി നിയമത്തിന് മുൻപ് നിയമപരമായി അനുമതി വാങ്ങിയ ഭൂമിക്കും തരംമാറ്റം അനുവദിക്കുക.
ഇക്കാര്യങ്ങൾ നടപ്പാക്കിയാൽ മാത്രമേ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമങ്ങൾ പൊതുസമൂഹത്തിന് ഗുണപ്രദവും സംസ്ഥാനത്തിന് സാമ്പത്തികനേട്ടവും നല്കൂ.
എഎംഎ