അളവിൽ പിശക്; മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമിവീണ്ടും അളക്കും
Saturday, March 23, 2024 4:53 PM IST
ഇടുക്കി : മാത്യു കുഴൽനാടൻ എംഎൽഎയുടെ ചിന്നക്കനാലിലെ ഭൂമി വീണ്ടും അളക്കും. മുമ്പ് ഭൂമി അളന്നപ്പോൾ അധിക ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അളവിൽ പിശകുണ്ടെന്ന് കുഴൽനാടന്റെ പാർട്ണർമാർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് വീണ്ടും അളക്കാൻ തീരുമാനിച്ചത്.
പാർട്ണർമാരായ ടോണി സാബു, ടോം സാബു എന്നിവരാണ് ഭൂമി വീണ്ടും അളക്കണമെന്ന് ആവശ്യപ്പെട്ട് തഹസിൽദാരെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടുത്തയാഴ്ച ഹെഡ് സർവേയറുടെ നേതൃത്വത്തിൽ ഉടമകളുടെ സാന്നിധ്യത്തിൽ ഭൂമി വീണ്ടും അളക്കും.
ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ സർക്കാർ ഭൂമി കൈയേറിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്തത്.
ഒരേക്കർ 23 സെന്റ് സ്ഥലം വാങ്ങിയെന്നാണ് മൂന്ന് ആധാരങ്ങളിലായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതിനേക്കാൾ അന്‍പത്തിയൊന്ന് സെന്റ് സ്ഥലം അധികമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ അളവിൽ പിശകുണ്ടെന്ന് കാണിച്ചാണ് പാർട്ണർമാർ തഹസിൽദാരെ സമീപിച്ചത്.