ഡോ.കെ.പി.യോഹന്നാന്റെ കബറടക്കം ഇന്ന്
Tuesday, May 21, 2024 8:58 AM IST
തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ സഭാധ്യക്ഷൻ റവ.ഡോ.കെ.പി. യോഹന്നാന്റെ (മാർ അത്തനേഷ്യസ് യോഹാൻ) സംസ്കാരം ഇന്ന് സഭാ ആസ്ഥാനമായ കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ കത്തീഡ്രലിൽ നടക്കും.
രാവിലെ ഒമ്പതിന് സംസ്കാരശുശ്രൂഷ ആരംഭിക്കും. പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഭൗതികശരീരം 9.30ന് ബിലീവേഴ്സ് കണ്വന്ഷന് സെന്ററില്‍ നിന്നു കാമ്പസിലൂടെ വിലാപയാത്രയായി സെന്റ് തോമസ് ദേവാലയത്തിൽ എത്തിക്കും.
തുടര്‍ന്ന് 11ന് അവസാനഘട്ട ശുശ്രൂഷകൾ പൂർത്തീകരിച്ച് മൃതദേഹം കബറിലേക്ക് വയ്ക്കും. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അഡ്മിനിസ്ട്രേറ്റര്‍ സാമുവേല്‍ മാര്‍ തിയോഫിലോസ് മുഖ്യകാർമികനായിരിക്കും.
ബിലീവേഴ്സ് കണ്വന്ഷന് സെന്ററില്‍ ഇന്ന് രാവിലെ ഒമ്പതുവരെ പൊതുദര്‍ശനം തുടരും.